03 December, 2024 09:06:21 AM
ബി.ജെ.പി വനിതാ നേതാവ് ജീവനൊടുക്കിയ നിലയിൽ
സൂറത്ത്: മഹിളാമോർച്ച പ്രാദേശിക പ്രസിഡന്റും ഗുജറാത്തിലെ ബി.ജെ.പി നേതാവുമായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സൂറത്ത് ആൽത്താനിലെ ദീപിക പട്ടേൽ (34) ആണ് വീട്ടിൽ മരിച്ചത്. യുവതി മരിക്കുന്നതിന് മുമ്പ് ബിജെപി കോർപ്പറേറ്റർ ചിരാഗ് സോളങ്കിയെ 15 തവണ ഫോൺവിളിച്ച് സംസാരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
നിലവിൽ തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. അതേസമയം ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ഇവരുടെ രണ്ടുഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ചില ചാറ്റുകൾ ഡിലീറ്റുചെയ്തിട്ടുണ്ടെന്നും അവ വീണ്ടെടുക്കാൻ ഫോണുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചതായും പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവം നടക്കുന്ന സമയത്ത് ഭർത്താവ് ഹരേഷ് കൃഷിയിടത്തിലായിരുന്നു. മക്കൾ വീടിന്റെ താഴത്തെ നിലയിൽ കളിക്കുകയായിരുന്നു. താൻ കടുത്ത മാനസിക സമ്മർദത്തിലാണെന്നും തനിക്കിനി ജീവിക്കാൻ താൽപര്യമില്ലെന്നും ദീപിക ഫോണിൽ പറഞ്ഞതായി ചിരാഗ് സോളങ്കി മൊഴി നൽകി. ഫോൺ വിളിച്ചതിനെ തുടർന്ന് ചിരാഗ് ഉടനെ സ്ഥലത്തെത്തിയിരുന്നു. എന്നാൽ കുട്ടികളോട് ദീപികയെ കുറിച്ച് അന്വേഷിച്ചപ്പോൾ കിടപ്പുമുറിയിലാണെന്ന് പറഞ്ഞു. തുടർന്ന് മുറിയുടെ വാതിലിൽ മുട്ടിയപ്പോൾ പ്രതികരണമുണ്ടായില്ല. തുടർന്ന് സോളങ്കി വാതിൽ തകർത്തു. കുട്ടികളിലൊരാൾ അച്ഛൻ ഹരേഷിനെ വിളിച്ചുവരുത്തി. ഉടൻ ന്യൂ സിവിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ദിവസവും 20 മുതൽ 25 തവണ വരെ സോളങ്കിയും ദീപികയും പരസ്പരം വിളിക്കാറുണ്ടായിരുന്നുവെന്ന് കോൾ ഹിസ്റ്ററി പരിശോധിച്ചപ്പോൾ തെളിഞ്ഞതായും പൊലീസ് ഇതോടൊപ്പം കൂട്ടിച്ചേർത്തു.