09 December, 2024 09:47:41 AM
പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; ബിഹാറില്‍ പത്താം ക്ലാസുകാരന്‍ ജീവനൊടുക്കി
ഭഗൽപൂർ: ബിഹാറിലെ ഭഗൽപൂർ ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. രാജീവ് കുമാർ സിങ്ങിൻ്റെ മകൻ സോമിൽ രാജ് (14) ആണ് മരിച്ചത്. അർദ്ധവാർഷിക പരീക്ഷയിൽ ലഭിച്ച മാർക്കിൽ കുട്ടി തൃപ്തനായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മൂന്ന് വിഷയങ്ങളിൽ 50 ശതമാനത്തിൽ താഴെ മാർക്ക് നേടിയതാണ് കുട്ടിയെ മനോവിഷമത്തിലാക്കിയെന്നാണ് വീട്ടുകാർ പറയുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു. കഹൽഗാവ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ആനന്ദ് വിഹാർ കോളനിയിലെ വസതിയിൽ വെച്ച് പിതാവിന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് കുട്ടി വെടിയുതിർത്തത്.
ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുട്ടി ആത്മഹത്യ ചെയ്യുന്നതിനു മുൻപ് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നുവെന്ന് ഫോൺ പരിശോധിച്ചതിൽ നിന്ന് വ്യക്തമായി. വിവരമറിഞ്ഞ് ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. റിവോൾവറും മൊബൈൽ ഫോണും പിടിച്ചെടുത്തു. അന്വേഷണം നടന്നുവരികയാണെന്ന് കഹൽഗാവ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ദേവ് ഗുരു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്. മരിക്കുന്നതിന് മുമ്പ് ജീവിതം അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തൻ്റെ അർദ്ധവാർഷിക സ്‌കൂൾ പരീക്ഷയിൽ നേടിയ മാർക്കിൽ കുട്ടി തൃപ്തനായിരുന്നില്ല. മൂന്ന് വിഷയങ്ങളിൽ 50 ശതമാനത്തിൽ താഴെ മാർക്ക് നേടിയത്. മറ്റ് കാര്യങ്ങൾ പരിശോധിച്ചുവരികയാണ്," എസ്എച്ച്ഒ പറഞ്ഞു.