10 December, 2024 11:21:37 AM
തൂത്തുക്കുടിയിൽ കാണാതായ 5 വയസുകാരൻ അയൽവീട്ടിലെ ടെറസിൽ മരിച്ച നിലയിൽ
ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയിൽ കാണാതായ അഞ്ച് വയസുകാരനെ അയൽവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവിൽപ്പെട്ടി സ്വദേശി കറുപ്പ്സ്വാമി ആണ് അയൽവീട്ടിലെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം കളിച്ചുകൊണ്ടിരുന്നതിനിടെയാണ് കറുപ്പ് സ്വാമിയെ കാണാതായത്.
പനി കാരണം പത്ത് ദിവസമായി കുട്ടി സ്കൂളിൽ പോയിരുന്നില്ല. മാതാപിതാക്കൾ ജോലിക്ക് പോയി തിരികെ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ല എന്ന് അറിയുന്നത്. തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇന്നലെ രാത്രി വരെ നടന്ന തിരച്ചിലിൽ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ അർദ്ധരാത്രിക്കും പുലർച്ചയ്ക്കും ഇടയിൽ നടത്തിയ തിരച്ചിലിലാണ് കറുപ്പുസ്വാമിയെ അയൽവീട്ടിലെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയിൽ കുട്ടി ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് നിഗമനം. കുട്ടിയുടെ കഴുത്തിലും കൈയിലും സ്വർണാഭരണങ്ങളുണ്ടായിരുന്നു. ഇവ നഷ്ടപ്പെട്ടു. സ്വർണാഭരണങ്ങൾ തട്ടിയെടുക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.