11 December, 2024 04:11:42 PM
മാരാരിക്കുളത്ത് ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിദേശ വനിതയ്ക്ക് തിരയിൽപ്പെട്ട് പരിക്ക്

ആലപ്പുഴ: മാരാരിക്കുളത്ത് ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിദേശ വനിതയ്ക്ക് തിരയിൽപ്പെട്ട് പരിക്ക്. രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. നോർവിജിയൻ സ്വദേശി ഷെനൽ അന്തോണി ഒപ്സഹലിന്(53) ആണ് പരിക്കേറ്റത്. വിദേശ വനിതയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്മസ്,ന്യൂ ഇയർ ആഘോഷങ്ങൾക്കായ് എത്തിയ ഷെനൽ മാരാരിക്കുളം ബീച്ചിലെ ഹോം സ്റ്റേയിൽ താമസിച്ചു വരികയായിരുന്നു. രാവിലെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് തിരമാലയിൽപ്പെട്ടത്. മത്സ്യത്തൊഴിലാളികളായ കലേഷ്,ജാക്സ്ൺ എന്നിവരും സമീപത്തുണ്ടായിരുന്ന മറ്റു ടൂറിസ്റ്റുകളും ചേന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഈ സമയം ബീച്ചിൽ ഗാർഡുകൾ ഇല്ലായിരുന്നു. മാരാരിക്കുളം ബീച്ചിൽ സ്ഥിരം അപകട രക്ഷ സംവിധാനം ഏർപ്പെടുത്തണമെന്ന് മുൻ പഞ്ചായത്ത് അംഗവും കേരള ഹോംസ്റ്റേ സർവീസ്ഡ് വില്ല ടൂറിസം സൊസൈറ്റി കേരള ഹാറ്റ്സ് ആലപ്പുഴ ജില്ലാ സെക്രട്ടറി ഇ വി രാജു ഈരശ്ശേരിൽ ആവശ്യപ്പെട്ടു.