01 February, 2025 09:51:26 AM
മലപ്പുറത്ത് ഓടുന്ന ബസിന്‍റെ തുറന്ന് കിടന്ന ഡോറിലൂടെ തെറിച്ചു വീണ വീട്ടമ്മ മരിച്ചു

മലപ്പുറം: എടക്കരയിൽ ഓടുന്ന ബസ്സിന്റെ തുറന്നു കിടന്ന ഡോറിലൂടെ റോഡിലേക്ക് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു. മുത്തേടം താഴെ ചെമ്മന്തിട്ട കടായിക്കോടൻ മറിയുമ്മ( 62) ആണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ.
വെള്ളിയാഴ്ച വൈകിട്ട് 3.10ന് മുത്തേടം എണ്ണക്കരക്കള്ളിയിൽ വച്ച് നെല്ലിക്കുന്നെത്തുനിന്ന് മഞ്ചേരിയിലേക്ക് പോകുന്ന കിസാൻ ബസിലാണ് അപകടമുണ്ടായത്. ഡോർ അടയ്ക്കാതെയായിരുന്നു ബസ് യാത്ര ചെയ്തത്. ബസിന്റെ തുറന്നു കിടക്കുന്ന വാതിൽ വഴി മറിയുമ്മ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയിൽ തലയുടെ പിൻഭാഗം റോഡിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. എടക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എടക്കര പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം നിലമ്പൂർ ഗവൺമെൻറ് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് (ശനിയാഴ്ച) രാവിലെ 12ന് താഴെ ചെമ്മംത്തിട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം. ഭർത്താവ്: മരക്കാർ. മക്കൾ: ആയിഷ, ശറഫുദ്ദീൻ, അബ്ദുൾ ലത്തീഫ്, ശരീഫ്, ജംഷീന. മരുമക്കൾ: ബഷീർ, ജഷീർ, നജ്മ, ജസീല