10 February, 2025 10:16:12 AM


ലോറി ബൈക്കിലിടിച്ചു, തെറിച്ച വീണ യുവാവിന്‍റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറി; ദാരുണാന്ത്യം



കോഴിക്കോട്: കൊയിലാണ്ടിയില്‍ ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ യുവ സൈനികന്‍ മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി കണ്ണികുളത്തില്‍ ആദര്‍ശ് (27) ആണ് മരിച്ചത്. പഞ്ചാബിലെ പത്താന്‍കോട്ട് എ എസ്‌ സി (ഇന്ത്യന്‍ ആര്‍മി സര്‍വീസ് കോപ്‌സ്) ബറ്റാലിയനില്‍ നായിക് ആയിരുന്നു ആദര്‍ശ്. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്ന പുളിയഞ്ചേരി ഇല്ലത്ത് താഴെ നിജിന്‍ രാജ് (28), കൊയിലാണ്ടി കൊല്ലം കൈപ്പത്തുമീത്തല്‍ ഹരിപ്രസാദ് (27) എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ 1.45ഓടെ കൊയിലാണ്ടി പാര്‍ക്ക് റസിഡന്‍സി ഹോട്ടലിനു സമീപമായിരുന്നു അപകടമുണ്ടായത്. ആദര്‍ശും സുഹൃത്തുക്കളും സഞ്ചരിച്ച ബുള്ളറ്റില്‍ ലോറി തട്ടുകയായിരുന്നു. ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ആദർശിന്‍റെ ശരീരത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.  

യുവാക്കളെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ ആദർശിനെ രക്ഷിക്കാനായില്ല. കൊയിലാണ്ടി പൊലീസും അഗ്നിരക്ഷാ സേനയും അപകട വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K