10 April, 2025 09:57:01 AM


വീട്ടിലെ പ്രസവത്തിൽ മരണം; യുവതിയുടെ പ്രസവമെടുക്കാൻ സഹായിച്ച ഒരാൾ കസ്റ്റഡിയിൽ



മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിൽ. അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ അസ്മയുടെ ഭർത്താവ്‌ ആലപ്പുഴ അമ്പലപ്പുഴ വണ്ടാനം സ്വദേശി സിറാജുദ്ധീൻ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. 

പെരുമ്പാവൂർ പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത സിറാജുദ്ദീനെതിരെ നരഹത്യ, തെളിവ്‌നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മലപ്പുറം പൊലീസാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ചൊവ്വാഴ്‌ച മലപ്പുറം സ്‌റ്റേഷനിൽ എത്തിച്ച്‌ പ്രതിയെ ചോദ്യം ചെയ്‌തു. ചോദ്യം ചെയ്‌തത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നും കുറ്റകരമായ കാര്യങ്ങൾക്ക് പ്രതിയെ സഹായിച്ചവർ അടക്കമുള്ളവരെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പൊലീസ്‌ മേധാവി ആർ വിശ്വനാഥ്‌ പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങിയേക്കും.

ഭാര്യ അസ്മയെ വീട്ടില്‍ വച്ച് പ്രസവിക്കുന്നതിന് മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് സിറാജ്ജുദ്ദിനെതിരായ കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. അസ്മയുടെ നേരത്തെയുള്ള നാല് പ്രസവത്തില്‍ രണ്ട് പ്രസവം വീട്ടിലാണ് നടന്നത്. ആശുപത്രിയില്‍ പ്രസവത്തിന് സിറാജ്ജുദ്ദീൻ അനുവദിക്കാത്തതിനാലാണ് വീട്ടില്‍ പ്രസവിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. യുവതിയുടെ മരണം അതി ദാരുണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933