13 April, 2025 03:25:22 PM
അമ്മായിയുടെ സഹോദരിയുമായുള്ള പ്രണയം എതിർത്ത അമ്മാവനെ യുവാവ് മദ്യം നൽകി തലയ്ക്കടിച്ച് കൊലപ്പെടുത്തി

പ്രയാഗ്‌രാജ്: അമ്മായിയുടെ സഹോദരിയുമായുള്ള പ്രണയം എതിർത്ത അമ്മാവനെ യുവാവ് മദ്യം നൽകി തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശി മഹേന്ദ്ര പ്രജാപതി (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രജാപതിയുടെ അനന്തരവൻ ആകാശ് പ്രജാപതിയെയും മറ്റ് രണ്ട്പേരെയും പോലീസ് അറസ്റ്റ് ചെയ്തു. അമ്മാവൻ തന്റെ പ്രണയബന്ധം എതിർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിലുള്ള വൈരാഗ്യത്തിലാണ് കൃത്യം നടത്തിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ അയൽ ജില്ലയായ കൗശാമ്പിയിൽ ഒരു മരത്തിന് സമീപത്ത് നിന്ന് മഹേന്ദ്ര പ്രജാപതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ആകാശിനൊപ്പം വീട്ടിൽ നിന്നും പുറത്തുപോയ മഹേന്ദ്ര മടങ്ങിയെത്തിയില്ലെന്ന് പോലീസ് നടത്തിയ പ്രഥമിക അന്വേഷണത്തിൽ വ്യക്തമായി. മഹേന്ദ്രയെ ഫോണിൽ ബന്ധപ്പെടുമ്പോൾ ആദ്യം സംസാരിച്ചെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയതായി കുടുംബം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആകാശിന്റെ പക്കൽ നിന്ന് ഫോൺ കണ്ടെത്തി.
താൻ അമ്മായിയുടെ സഹോദരിയുമായി പ്രണയത്തിലായിരുന്നുവെന്നും മഹേന്ദ്ര ഈ ബന്ധത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തിയിരുന്നതായും ആകാശ് പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഭയവും ദേഷ്യവും കാരണം ആകാശ് ബന്ധുവായ രോഹിത്തിനും സുഹൃത്തായ വിജയിക്കുമൊപ്പം മഹേന്ദ്രയെ വിളിച്ചു വരുത്തി മദ്യം കുടിപ്പിച്ച ശേഷം ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ പക്കൽ നിന്ന് രക്തം പുരണ്ട വസ്ത്രങ്ങളും ഇരയുടെ മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.