16 April, 2025 11:31:07 AM
'വെന്‍റിലേറ്ററിൽ ചികിത്സയിൽ കഴിയവേ ലൈംഗികാതിക്രമം; ആശുപത്രി ജീവനക്കാരനെതിരെ പരാതിയുമായി എയർഹോസ്റ്റസ്

ഗുരുഗ്രാം: വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവെ എയര്‍ഹോസ്റ്റസിനെ ബലാത്സംഗം ചെയ്തതായി പരാതി. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുന്നതിനിടെ ഏപ്രില്‍ ആറിനായിരുന്നു സംഭവം. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയ ശേഷമാണ് 46 കാരിയായ എയര്‍ ഹോസ്റ്റസ് ജീവനക്കാരനെതിരെ ഗുരുഗ്രാം പോലീസിന് പരാതി നൽകിയത്.
എയര്‍ലൈന്‍സ് കമ്പനിയുടെ പരിശീലനത്തിനായാണ് യുവതി ഗുരുഗ്രാമിലെത്തിയത്. ഹോട്ടലിലെ താമസത്തിനിടെ സ്വിമ്മിങ് പൂളില്‍ മുങ്ങി അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് ആദ്യം സമീപത്തെ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. ഏപ്രില്‍ അഞ്ചിന് യുവതി കിടക്കുന്ന ആശുപത്രിയിലെത്തിയ ഭര്‍ത്താവ് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരിടത്തേക്ക് മാറ്റി. ഇവിടെ വച്ച് ആശുപത്രി ജീവനക്കാരില്‍ ഒരാള്‍ തന്നെ പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നത്. വെന്റിലേറ്ററില്‍ അര്‍ധബോധാവസ്ഥയിലിരിക്കെയാണ് ജീവനക്കാരന്‍ യുവതിയെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയ ശേഷം ഭര്‍ത്താവിനോടാണ് യുവതി കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്.പ്രതിയെ തിരിച്ചറിയുന്നതിനായി ആശുപത്രി ജീവനക്കാരുടെ ഡ്യൂട്ടി സമയം അന്വേഷിക്കുന്നതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും പോലീസ് അറിയിച്ചു.അത്യന്തം ഗൗരവമേറിയ സംഭവമാണിതെന്നും പോലീസ് പറഞ്ഞു.