19 April, 2025 10:15:05 AM
ജമ്മു കശ്മീരിൽ വാഹന പരിശോധനയ്ക്കിടെ പ്രൊഫസറെ സൈന്യം അക്രമിച്ചെന്ന് പരാതി

ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറെ അകാരണമായി കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ സൈനികര്‍ക്കെതിരെ അന്വേഷണം. ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തി ഗ്രാമമായ ലാമില്‍ വച്ചുണ്ടായ സംഭവത്തിലാണ് കരസേന അന്വേഷണം പ്രഖ്യാപിച്ചത്. ഇഗ്നോ പ്രൊഫസര്‍ ലിയാഖത് അലിയെ പ്രകോപനം കൂടാതെ സൈനികര്‍ മര്‍ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ സൈനികര്‍ക്ക് എതിരെ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
വ്യാഴാഴ്ച രാത്രി ജമ്മുവിലെ രജൗരി ജില്ലയില്‍ ആയിരുന്നു സംഭവം. ഇന്ത്യ - പാക് അതിര്‍ത്തിയിലെ നൗഷേരയിലെ ഗ്രാമമായ ലാമില്‍ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ ലിയാഖത് അലിയുടെ വാഹനവും തടഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കയ്യേറ്റത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പരിശോധനയ്ക്ക് ഇടയില്‍ സൈനികരുടെ ആയുധം ലിയാഖത് അലി പിടിച്ചെടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് സൈന്യത്തിന്റെ നിലപാട്. സൈനിക വക്താവ് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പിലും ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
സൈനികരുമായുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് രക്തം വാര്‍ന്ന് ഒലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സൈന്യം അന്വേഷണം പ്രഖ്യാപിച്ചത്. ഏതെങ്കിലും സൈനികന്‍ അപമര്യാദയായി പെരുമാറിയെന്ന് കണ്ടെത്തിയാല്‍ നിയമം അനുശാസിക്കുന്ന ശക്തമായ നടപടി സ്വീകരിക്കുമെന്ന് കരസേന വ്യക്തമാക്കി.
ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി ഓപ്പണ്‍ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലിയാഖത് അലി. വാഹനത്തില്‍ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആയിരുന്നു. സഹോദരിയുടെ വീട്ടില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് ഇവര്‍ ലാമില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ലിഖായത്ത് അലിയ്ക്ക് ഒപ്പമുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലും രണ്ടുപേര്‍ കരസേനയിലും ജോലി ചെയ്യുന്നവര്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവത്തില്‍ സൈന്യത്തിന് എതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി രംഗത്തെത്തി. 'ധിക്കാരപരമായ പെരുമാറ്റത്തിലൂടെ ചില ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സല്‍പ്പേരിന് കളങ്കം വരുത്തുന്നു' എന്നായിരുന്നു മുഫ്തിയുടെ പ്രതികരണം. കുറ്റക്കാര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നാണ് ജമ്മു - കശ്മീര്‍ ബിജെപിയുടെ നിലപാട്. പ്രൊഫസര്‍ക്ക് നീതി ഉറപ്പാക്കുമെന്ന് ജമ്മു കശ്മീര്‍ ബിജെപി മുന്‍ പ്രസിഡന്റ് രവീന്ദര്‍ റെയ്ന പ്രതികരിച്ചു. ഇന്ത്യയില്‍ ആരും നിയമത്തിന് അതീതരല്ല. കുറ്റക്കാര്‍ ആരായാലും അതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്നായിരുന്നു റെയ്‌നയുടെ പ്രതികരണം.