23 April, 2025 12:25:58 PM


കൊല്ലത്ത് പ്ലാസ്റ്റിക്ക് എണ്ണയിൽ ഉരുക്കി ചേർത്ത് പലഹാരം ഉണ്ടാക്കൽ; കട പൂട്ടിച്ചു



കൊല്ലം: റോഡരികിലെ ബേക്കറിയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടി. കൊല്ലം നഗരത്തിൽ എസ്എംപി പാലസ് റോഡിന് സമീപം പ്രവർത്തിക്കുന്ന പലഹാര കടയിൽ നിന്നുമാണ് പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടിയത്. കൊല്ലം കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് കടയിൽ പരിശോധന നടത്തിയത്.

സ്ഥാപനത്തിന് രേഖകളോ, ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾക്ക് ആരോഗ്യ കാർഡോ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കടയിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് അടക്കം കച്ചവടത്തിന് എത്തിച്ചിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു പലഹാരക്കട ഉണ്ടായിരുന്നത്. പരിശോധനക്ക് പിന്നാലെ അധികൃതർ കട പൂട്ടിച്ചു. കടയുടെ ഉടമക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K