25 April, 2025 01:02:24 PM


സ്വത്തിന് വേണ്ടി ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസ്; ഭ‍ർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ



തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വത്തിന് വേണ്ടി 52കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 28കാരനായ യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം യുവതിയുടെ ഭർത്താവ് കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡിസംബർ മാസം 26 ന് പുലർച്ചെ 1.30 നായിരുന്നു അതിക്രൂരമായ കൊലപാതകം പ്രതി നടത്തിയത്. പുലർച്ചെ ഒന്നരയോടെ ഭാര്യ ശാഖയുടെ ശരീരത്തിൽ ബലം പ്രയോ​ഗിച്ച് ഇലക്ട്രിക് വയറിലൂടെ വലതു കൈത്തണ്ടയിലും മൂക്കിലും കറന്‍റ് കടത്തി വിട്ടു കൊലപ്പെടുത്തുകയായിരുന്നു. ക്രിസ്തുമസ് രാത്രിയിൽ ബന്ധുക്കൾ മടങ്ങിയശേഷം അരുൺ ഭാര്യയെ കൊല്ലാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നെന്ന് പൊലീസ് കണ്ടെത്തി.

വിവാഹം വേണ്ട എന്നുള്ള തീരുമാനത്തിൽ ജീവിച്ചിരുന്ന ശാഖ കുമാരി അരുണിനെ കണ്ട് മുട്ടിയതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. പിന്നാലെ കാര്യങ്ങൾ വിവാഹത്തിലേക്ക് നീങ്ങി. അരുൺ ഒരു ഇലക്ട്രീഷ്യനായിരുന്നു. എന്നാൽ അളവറ്റ തന്റെ സ്വത്തുക്കൾക്ക് അവകാശിയായി ഒരു കുഞ്ഞിനെ വേണം എന്ന് ശാഖയ്ക്ക് ആ​ഗ്രഹം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അരുണിനെ യുവതി വിവാഹം കഴിച്ചത്. എന്നാൽ വിവാഹം പൂർണമായി രഹസ്യമാക്കിവെക്കാനായിരുന്നു അരുണിന്റെ തീരുമാനം. വിവാഹത്തിന് മുമ്പേ തന്നെ അരുണ്‍ പണം വാങ്ങിയതിനൊപ്പം കാർ, ബൈക്ക് എന്നിവ ശാഖാകുമാരിയുടെ പണം ഉപയോഗിച്ച് വാങ്ങി ആഡംബര ജീവിതം നയിച്ചുപോരുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K