25 April, 2025 04:40:30 PM


സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതി; സന്തോഷ് വർക്കി അറസ്റ്റിൽ



കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതിയില്‍ സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍) അറസ്റ്റില്‍. കൊച്ചി നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.

നേരത്തെ നടി ഉഷ ഹസീനയും സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയിരുന്നു. ആലപ്പുഴ ഡിവൈഎസ്പിക്കായിരുന്നു ഉഷ ഹസീന പരാതി നല്‍കിയത്. 40 വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ആറാട്ടണ്ണന്റെ പരാമര്‍ശം വ്യക്തിപരമായി വേദനിപ്പിച്ചുവെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

നടിമാര്‍ക്കെതിരായ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ടായിരുന്നു.


സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണ് എന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. നേരത്തെയും സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ ഇയാള്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. നടി നിത്യാ മേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയതിന് നേരത്തെ ഇയാളെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിവ്യൂ പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ആളാണ് ആറാട്ടണ്ണന്‍ എന്ന് വിളിപ്പേരുളള സന്തോഷ് വര്‍ക്കി. മമ്മൂട്ടി ചിത്രം ബസൂക്കയില്‍ അഭിനയിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927