05 December, 2023 08:20:54 PM
തെലങ്കാനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി പുതിയ മുഖ്യമന്ത്രിയാകും
ന്യൂഡല്‍ഹി: തെലങ്കാനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി പുതിയ മുഖ്യമന്ത്രിയാകും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഈ മാസം ഏഴിനാണ് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുക.
സംസ്ഥാന രൂപീകരണം മുതല്‍ മുഖ്യമന്ത്രിയായിരുന്ന കെ ചന്ദ്രശേഖര റാവുവിന്‍റെ ബിആര്‍എസിനെ പരാജയപ്പെടുത്തി 64 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ അധികാരത്തിലെത്തുന്നത്. കോണ്‍ഗ്രസിന്‍റെ വിജയത്തിന് പിന്നിലെ അമരക്കാരന്‍ 54കാരനായ രേവന്ത് റെഡ്ഡിയാണ്.
കെസിആര്‍ അധികാരത്തിലിരുന്ന കാലത്ത് ജയിലിലടയ്‌ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവു കൂടിയാണ് ഇദ്ദേഹം. മകളുടെ വിവാഹത്തിന് മാത്രമാണ് ഇദ്ദേഹത്തിന് പരോള്‍ അനുവദിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ ഉത്തംകുമാര്‍ റെഡ്ഡി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞയുകയും കോണ്‍ഗ്രസിന്‍റെ തലപ്പത്തേക്ക് രേവന്ത് റെഡ്ഡിയുടെ വരികയുമായിരുന്നു.