19 February, 2024 03:01:17 PM


തൃശൂര്‍ മുല്ലശേരിയില്‍ മോദിയുടെ ഭാരത് അരി വില്‍പ്പന പൊലീസ് തടഞ്ഞു



തൃശൂര്‍: തൃശൂര്‍ മുല്ലശേരിയില്‍ മോദിയുടെ  ഭാരത് അരി വില്‍പ്പന പൊലീസ് തടഞ്ഞു. മുല്ലശേരി പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് അരി വിതരണം തടഞ്ഞത്. ഏഴാം വാര്‍ഡില്‍ വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം പെരുമാറ്റ ചട്ട ലംഘനമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി.

മോദിയുടെ അരിയും പരിപ്പും തൃശൂരില്‍ വേവില്ലെന്ന് ടി എന്‍ പ്രതാപന്‍ എം പി തുറന്നടിച്ചിരുന്നു. പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടെന്ന് സിപിഐയും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, സുരേഷ് ഗോപിക്ക് ജയിക്കാന്‍ വേണ്ടി നടപ്പാക്കുന്ന പദ്ധതിയല്ലെന്നും, രാജ്യത്താകെ അരി വിതരണം ചെയ്യുന്നുണ്ടെന്നുമാണ് ബിജെപിയുടെ മറുപടി. 

ഭാരത് അരിയെച്ചൊല്ലി തൃശൂരില്‍ രാഷ്ട്രീയപ്പോര് നിലനില്‍ക്കുന്നതിനിടെയാണ് അരി വില്‍പ്പന പൊലീസ് തടഞ്ഞത്. അരിവണ്ടിയോടിത്തുടങ്ങിയതോടെ രൂപപ്പെട്ട വരിയിലാണ് മൂന്ന് മുന്നണികളുടെയും കണ്ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K