20 February, 2024 12:20:48 PM


അമിത് ഷായ്ക്ക് എതിരായ അപകീര്‍ത്തി പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം



ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അമിത്ഷായ്ക്ക് എതിരായ അപകീര്‍ത്തി പരാമര്‍ശ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പുര്‍ കോടതിയാണ് ജാമ്യം നല്‍കിയത്. 25,000 രൂപയുടെ ആള്‍ജാമ്യവും രാഹുല്‍ ഗാന്ധി നല്‍കണം.

2018 കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവായ വിജയ് മിശ്രയാണ് കോടതിയെ സമീപിച്ചത്. സംശുദ്ധ രാഷ്ട്രീയം അവകാശപ്പെടുന്ന ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ കൊലപാതകക്കേസില്‍ പ്രതിയാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

കേസില്‍ കോടതി നേരത്തെ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഹാജരായിരുന്നില്ല. കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ച വരെ നിര്‍ത്തിവെക്കുമെന്ന് ജയറാം രമേശ് അറിയിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K