27 February, 2024 09:48:31 AM
അധ്യാപികമാര്‍ക്ക് രാത്രിയായാല്‍ സന്ദേശമയക്കും; തളിപ്പറമ്പ് സ്‌കൂള്‍ മാനേജരായ വൈദികനെതിരെ ഗുരുതര ആരോപണം
കണ്ണൂര്‍: തളിപ്പറമ്പ് സെന്‍റ് പോള്‍സ് സ്‌കൂളിലെ മുന്‍ മാനേജര്‍ക്കെതിരെ ഗുരുതര ആരോപണം. ഭര്‍ത്താവ് വിദേശത്തുള്ള അധ്യാപികമാര്‍ക്ക് രാത്രികാലങ്ങളില്‍ ഇയാള്‍ സന്ദേശമയക്കാറുണ്ടെന്നാണ് സ്‌കൂളിലെ മുന്‍ ജീവനക്കാരിയുടെ ഭര്‍ത്താവിന്‍റെ ആരോപണം. സഭയുടേയും സഹപ്രവര്‍ത്തകരുടേയും അപവാദപ്രചരണം മൂലം മതം ഉപേക്ഷിക്കേണ്ടിവന്ന കുടുംബമാണ് ആരോപണത്തിന് പിന്നില്‍.
ഫാ.സുധീപ് മുണ്ടയ്ക്കലാണ് തനിക്കും കുടുംബത്തിനുമെതിരെ അപവാദം പ്രചരിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നതെന്ന് മുന്‍ ജീവനക്കാരിയുടെ ഭര്‍ത്താവായ സന്തോഷ് ആരോപിച്ചിരുന്നു. നാളുകളായി തുടരുന്ന അപവാദപ്രചരണങ്ങള്‍ ഇനിയും സഹിക്കാനാകില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ട ഓഡിയോയില്‍ സന്തോഷ് വ്യക്തമാക്കുകയും ചെയ്തു.
ഫാദര്‍ സുധീപിന് മുന്‍പുണ്ടായിരുന്ന മറ്റൊരു വൈദികനെതിരേയും സന്തോഷ് ആരോപണം ഉന്നയിച്ചു. ഇയാള്‍ രാത്രികാലങ്ങളില്‍ അധ്യാപികമാര്‍ക്ക് മെസേജ് അയക്കുന്നത് പതിവായിരുന്നെന്നും ഇത്തരത്തില്‍ പേരുദോഷമുള്ള ഒരാളും തനിക്കെതിരെ തിരിഞ്ഞന്നെ് സന്തോഷ് പറഞ്ഞു. വിദേശത്ത് ഭര്‍ത്താക്കന്മാരുള്ള അധ്യാപികമാര്‍, വിധവകള്‍, അവിവാഹിതമാര്‍ എന്നിവരെയൊക്കെ രാത്രിയില്‍ ഫോണ്‍വിളിക്കും.
മാനേജര്‍ ആയതുകൊണ്ടുതന്നെ അധ്യാപികമാര്‍ക്ക് ഫോണെടുക്കാതിരിക്കാനാവില്ല. ഫോണെടുത്തില്ലെങ്കില്‍ പിറ്റേദിവസം സ്‌കൂളില്‍ ഭീകരമായ മാനസിക പീഡനമാണുണ്ടാവുക. വൈദികന്‍ മൂലം വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നെന്നും ബിഷപ്പിനെ വിവരം അറയിക്കണമെന്നും ഇവര്‍ പറയാറുണ്ടായിരുന്നു. ബിഷപ്പല്ല മാര്‍പ്പാപ്പതന്നെ ഇത്തരം വിഷയങ്ങളില്‍ ഇടപെട്ടാലും ഒന്നും ചെയ്യാന്‍ കഴിയില്ല. സഭതന്നെ ഇക്കാര്യത്തില്‍ പരാജയപ്പെട്ട കാലമാണിത്. വിഷയം പൊതുസമക്ഷത്ത് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും താന്‍ ശത്രുവാകുകയാണ് ചെയ്‌തെന്നും സന്തോഷ് പറയുന്നു.
കഴിഞ്ഞവര്‍ഷം സ്‌കൂളില്‍ നടത്താനിരുന്ന ആന്വല്‍ ഡേയുടെ ചുമതല ഏറ്റെടുത്ത വ്യക്തി കൂടിയാണ് സന്തോഷ്. പ്രതിഫലം കൂടാതെ പരിപാടി നടത്താമെന്ന് സന്തോഷ് വ്യക്തമാക്കിയെങ്കിലും സ്‌കൂളിലെ കുട്ടികളില്‍ നിന്നും 700 രൂപ വീതം പിരിച്ചെടുക്കാനായിരുന്നു സ്‌കൂള്‍ മാനേജരായ ഫാദറുടെ തീരുമാനം. ഇതേതുടര്‍ന്ന് രക്ഷിതാക്കള്‍ പ്രതിഷേധിച്ചതോടെയാണ് പിരിവെടുക്കല്‍ നിര്‍ത്തിവെച്ചത്.
ആന്വല്‍ ഡേ നടക്കാതെ വന്നതോടെ നടത്തിപ്പിന് കൂടുതല്‍ തുക ആവശ്യപ്പെട്ടതാണ് കാരണമെന്ന് ഫാദര്‍ പ്രചരിപ്പിച്ചു. ഇതോടെ നടത്തിപ്പ് തുക വേണ്ടെന്ന് പറഞ്ഞിരുന്നതായ സത്യം സന്തോഷ് രക്ഷിതാക്കളെ അറിയിച്ചു. പരിപാടി നടക്കാത്തത് സ്‌കൂള്‍ മാനേജ്‌മെന്‍റിന്‍റെ പിടിപ്പുകേടുകൊണ്ടാണെന്ന് രക്ഷിതാക്കള്‍ അറിഞ്ഞതോടെ സന്തോഷിനോടും സ്‌കൂളില്‍ ജീവനക്കാരിയായ യുവതിയോടും പ്രതികാരത്തോടെ പെരുമാറാന്‍ തുടങ്ങി.
യുവതിക്കെതിരെ പലവിധത്തിലുള്ള ആരോപണങ്ങളും അപവാദങ്ങളുമാണ് സ്‌കൂളിന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് സന്തോഷ് പറയുന്നു. ഭാര്യയ്ക്ക് കാമുകനുണ്ടെന്നും മാനസിക രോഗിയാണെന്നും ചിലര്‍ പ്രചരിപ്പിച്ചു. അപവാദങ്ങള്‍ തുടര്‍ക്കഥയായതോടെ മതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും സന്തോഷ് പുറത്തുവിട്ട ഓഡിയോയില്‍ വ്യക്തമാക്കി.