27 February, 2024 01:34:10 PM
ഗഗൻയാൻ ദൗത്യം: ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
തിരുവനന്തപുരം: ഇന്ത്യ അഭിമാനത്തോടെ കാത്തിരിക്കുന്ന ഗഗൻയാൻ ദൗത്യസംഘത്തിന്‍റെ തലവന്‍ മലയാളി. പാലക്കാട് നേന്മാറ സ്വദേശിയായ പ്രശാന്ത് ബി നായരാണ് ദൗത്യത്തിൽ പങ്കെടുക്കുന്ന മലയാളി. 'സുഖോയ്' യുദ്ധവിമാന പൈലറ്റുകൂടിയായ ഇദ്ദേഹം വ്യോമ സേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനാണ്. പാലക്കാട് നേന്മാറ കൂളങ്ങാട് പ്രമീളയുടേയും വിളമ്പിൽ ബാലകൃഷ്ണന്‍റെയും മകനാണ് പ്രശാന്ത് നാരായണന്‍.
ഗഗൻയാൻ ബഹിരാകാശ യാത്രയ്ക്ക് മലയാളിയടക്കം 4 പേരാണ് സംഘത്തിലുള്ളത്. അംഗത് പ്രതാപ്, അജിത്ത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ല എന്നിവരാണ് സംഘത്തിലെ മറ്റ് മൂന്നു പേർ. വ്യോമസേനയുടെ ഫൈറ്റർ പൈലറ്റുമാരിൽ നിന്നാണ് നാലു പേരെയും തെരഞ്ഞെടുത്തിരിക്കുന്നത്.
2025ലാണ് ഗഗൻയാൻ ദൗത്യം നടപ്പിലാക്കുക. ബഹിരാകാശ സഞ്ചാരികളെ മൂന്ന് ദിവസത്തേക്ക് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച് ഭൂമിയിൽ തിരിച്ചെത്തിക്കുക എന്നതാണ് ദൗത്യം.ഇതിനു മുന്നോടിയായി വ്യോമമിത്രയെന്ന യന്ത്രവനിതയെ ബഹിരാകാശത്ത് എത്തിക്കുന്ന പരീക്ഷണ ദൗത്യം ജിഎക്സ് 2024 ജൂണിൽ നടപ്പാക്കും. ഇതിനു ശേഷം രണ്ടു പരീക്ഷണ വിക്ഷേപണങ്ങൾ കൂടി കഴിഞ്ഞതിനു ശേഷമായിരിക്കും ബഹിരാകാശ യാത്രികരുമായുള്ള ദൗത്യം നടപ്പിലാക്കുക.