28 February, 2024 02:46:36 PM


വര്‍ക്ക്ഷോപ്പില്‍ നിന്നുണ്ടാകുന്ന കേടുപാടുകള്‍ക്ക് ഉത്തരവാദിത്തം ഉടമയ്ക്ക്; വിചിത്രവാദവുമായി പോപ്പുലര്‍ വെഹിക്കിള്‍സ്



കോട്ടയം : വാഹനം നന്നാക്കുമ്പോൾ സംഭവിക്കുന്ന കേടുപാടുകൾക്ക് ഉത്തരവാദി വാഹനമുടമയാണെന്ന വിചിത്ര വാദവുമായി മാരുതിയുടെ അംഗീകൃത സർവീസ് സെന്‍റർ. ഇതിനായി കാർ നന്നാക്കും മുൻപ് ഇത്തരം കെടുപാടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് വാഹനമുടമ പ്രത്യേക കടലാസില്‍ ഒപ്പിട്ടു നൽകണമെന്നും ആവശ്യം. കോട്ടയം നട്ടാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ വെഹിക്കിള്‍സ് എന്ന സ്ഥാപനത്തിലാണ് വാഹന ഉടമകളെ കളിപ്പിക്കുന്ന രീതിയിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നത്.


സര്‍വീസിനായി കാര്‍ നല്‍കിയ ഏറ്റുമാനൂര്‍ സ്വദേശിയോടാണ് വര്‍ക്ക്ഷോപ്പിലെ ജീവനക്കാര്‍ വിചിത്രമായ ആവശ്യം ഉന്നയിച്ചത്. ചൊവ്വാഴ്ച പകല്‍ സര്‍വീസ് സെന്‍ററില്‍ നിന്നും വിളിച്ച മെക്കാനിക് കാറിന്‍റെ Clutch, Rear RH Hub, Front Wheel Bearing ഇവ മാറേണ്ടതുണ്ടെന്നും  പണിക്കൂലി ഉള്‍പ്പെടെ 11000 രൂപ വരുമെന്നും ഫോണിൽ വിളിച്ചു പറയുന്നു. ബുധനാഴ്ച രാവിലെ വിളിച്ച് ഇതിനു പുറമെ Wheel Cylinder, Valve Cover Packing ഇവ കൂടി മാറണമെന്നും ആകെ തുക 15550 ആകുമെന്നും വാട്സ് ആപ്പ് സന്ദേശം സഹിതം അറിയിക്കുന്നു. ഈ പണികള്‍ എല്ലാം ചെയ്യാൻ സമ്മതിച്ച ഉടമ വാഹനം ഉടനെ തിരികെ തരണമെന്നും ആവശ്യപെട്ടു. പിന്നാലെയാണ് ഉച്ചയ്ക്കുശേഷം വിളിച്ച് സമ്മതപത്രം ആവശ്യപ്പെടുന്നത്. ക്ലച്ച് പണിയാനായി കാറിന്‍റെ എഎംടി യൂണിറ്റ് അഴിക്കുമ്പോള്‍ കേടുവരാന്‍ സാധ്യതയുണ്ടെന്നും ഇതിന്‍റെ ഉത്തരവാദിത്തം ഉടമ ഏറ്റെടുക്കണം എന്നുമായിരുന്നു ആവശ്യം. മാരുതിയുടെ അംഗീകൃത വര്‍ക്ക് ഷോപ്പില്‍ പണി അറിയാത്തവരാണോ ജോലി ചെയ്യുന്നതെന്ന ചോദ്യത്തിന് "ആശുപത്രിയില്‍ ചികിത്സയ്ക്ക് മുമ്പ് രോഗിയോട് എഴുതിവാങ്ങാറില്ലേ ? അതുപോലെയാണ് ഇതും" എന്നായിരുന്നു ഉത്തരം.


ഇതിനു മുമ്പ് ഇതേ വർക്ക്‌ ഷോപ്പിൽ സര്‍വീസിനു നല്‍കിയ കാര്‍ മൂന്ന് ദിവസം ഒരു കാരണവുമില്ലാതെ പിടിച്ചിടുകയും അവസാനം ബില്‍പോലും നല്‍കാതെ രാത്രിയിൽ വീട്ടിലെത്തിച്ചുകൊടുക്കുകയും ചെയ്ത ദുരനുഭവവും ഇതേ വാഹനമുടമയ്ക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ സര്‍വീസിനായി എക്സിക്യൂട്ടീവ് വിളിച്ചപ്പോള്‍ കാര്‍ കൊടുക്കാന്‍ ഉടമ സമ്മതിച്ചില്ല. മുൻപുണ്ടായ അസൗകര്യങ്ങൾക്ക് മാപ്പപേക്ഷിച്ചും ഒരു അവസരം കൂടി തരണമെന്ന് ആവശ്യപ്പെട്ടും വീല്‍ അലൈന്‍മെന്‍റ്, പോളീഷിംഗ് ഇവ സഹിതം 2500 രൂപയ്ക്ക് പിരിയോഡിക് സര്‍വീസില്‍ ഉള്‍പ്പെട്ട എല്ലാ പണികളും തീര്‍ത്തുതരാമെന്നും പറഞ്ഞ് പല തവണ വിളിച്ചതിനെതുടര്‍ന്നാണ് വീണ്ടും കാര്‍ നല്‍കിയത്.


അതേസമയം, ഇത്തരത്തിൽ സമ്മതപത്രം ഒപ്പിട്ടു വാങ്ങി വണ്ടി പണിയുന്നത് ഇതുവരെ കേട്ടിട്ടില്ലാത്ത സംഭവമാണെന്ന് ഇതേ വർക്ക് ഷോപ്പുമായി ബന്ധപ്പെട്ട ചില ജീവനക്കാർ തന്നെ പറയുന്നു. സംഭവം ചോദ്യം ചെയ്യപ്പെട്ടതോടെ സൂപ്പര്‍വൈസറെകൊണ്ട് വിളിപ്പിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ച മെക്കാനിക്ക് പിന്നീട് വിളിച്ച് സമ്മതപത്രം ഇല്ലാതെ തന്നെ പണി നടത്തുകയാണെന്നും അറിയിച്ചു. ഇത്തരത്തില്‍ ഒരു സമ്മതപത്രം ആവശ്യമാണ് എങ്കില്‍ പണികള്‍ തുടങ്ങും മുമ്പ് ഉടമയെ വാഹനത്തിന്‍റെ പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതാണ്. എന്നാലിവിടെ സര്‍വീസ് ജോലികള്‍ ആരംഭിച്ചതായി രാവിലെ അറിയിച്ച മെക്കാനിക്ക് ഉച്ചയ്ക്ക് ശേഷം സമ്മതപത്രം വേണമെന്ന് ആവശ്യപ്പെട്ടത് ഏറെ സംശയം ജനിപ്പിക്കുന്നു. കാർ പണിതപ്പോൾ മെക്കാനിക്കിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഉടമയുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണോ ഇതെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഏതായാലും പണികള്‍ കഴിഞ്ഞ് ഇറങ്ങുന്ന വാഹനം കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വാഹനമുടമ.


വർക്ക്‌ ഷോപ്പിലെ മെക്കാനിക്കുമായുണ്ടായ ടെലിഫോൺ സംഭാഷണം ചുവടെ. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K