29 February, 2024 03:45:15 PM


തൃപ്പൂണിത്തുറ സ്‌ഫോടന കേസില്‍ നാല് പ്രതികള്‍ കീഴടങ്ങി



കൊച്ചി: തൃപ്പൂണിത്തുറ സ്‌ഫോടന കേസില്‍ നാല് പ്രതികള്‍ കീഴടങ്ങി. പുതിയകാവ് ക്ഷേത്ര ഭാരവാഹികളായ നാലു പേരാണ് കീഴടങ്ങിയത്. ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതികളെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.

സംഭവത്തില്‍ പുതിയകാവ് ക്ഷേത്ര ഭാരവാഹികളും ഉത്സവ കമ്മിറ്റി അംഗങ്ങളും വെടിക്കെട്ടിനു നേതൃത്വം നല്‍കിയവരെയും പൊലീസ് പ്രതിചേര്‍ത്തു. മത്സര വെടിക്കെട്ട് സംഘടിപ്പിച്ചതിലും സ്‌ഫോടക വസ്തുക്കള്‍ സംഭരിച്ചതിലും കൂടുതല്‍ പേര്‍ക്ക് നേരിട്ട് പങ്കും അറിവും ഉണ്ടായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഘാടകരില്‍ പലരും സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയിരുന്നു.

തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. ഫെബ്രുവരി 12 ന് രാവിലെയായിരുന്നു സ്‌ഫോടനം നടന്നത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 25 വീടുകള്‍ക്ക് ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നു. നാല് വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. വാഹനത്തില്‍ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തില്‍ നിന്നുണ്ടായ തീപ്പൊരിയില്‍ നിന്ന് പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K