01 March, 2024 12:56:12 PM
സിദ്ധാർത്ഥന്‍റെ മരണം; തെറ്റ് ആര് ചെയ്താലും കുറ്റക്കാരെ ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കും- മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: സിദ്ധാർത്ഥന്‍റെ മരണത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്നും ഇത്തരം സംഭവങ്ങൾ ക്യാമ്പസുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്നും മന്ത്രി ജി ആർ അനിൽ. സർക്കാർ ഇക്കാര്യത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ട സിദ്ധാർത്ഥന്റെ വീട് സന്ദർശിക്കുകയായിരുന്നു മന്ത്രി. 'മാതാപിതാക്കളുടെ ആശങ്കകൾ കേട്ടു. സംഭവം ഗൗരവമായി കണ്ടുകൊണ്ട് നിയമപരമായ നടപടികൾ സ്വീകരിക്കും. തെറ്റ് ആര് ചെയ്താലും കുറ്റക്കാരെ ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കും'- മന്ത്രി ജി ആർ അനിൽ.
ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ത്ഥനെ ക്യാമ്പസ്സിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യ ആണെന്ന് കോളേജ് അധികൃതര്‍ വിശദീകരിച്ചെങ്കിലും മരണത്തില്‍ ദുരൂഹത ആരോപിച്ച് സിദ്ധാര്‍ത്ഥന്റെ കുടുംബം രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് കോളേജ് അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ റാഗിങ് നടന്നതായി കണ്ടെത്തി. പിന്നാലെ കോളേജിലെ 18 വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്യുകയായിരുന്നു.