02 March, 2024 10:18:30 AM


സിദ്ധാർഥിന്‍റെ മരണം: 4 പ്രതികൾക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്



വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ആൾക്കൂട്ട വിചാരണയെയും മർദനത്തേയും തുടർന്ന് വിദ്യാർഥിയായ സിദ്ധാർഥിനെ മരിച്ച നിലിയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി കടുപ്പിച്ച് പൊലീസ്. 4 പ്രതികൾക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. സൗദ് റിസാൽ, കാശിനാഥൻ, അജയ്കുമാർ, സിൻജോ ജോൺ എന്നിവർക്കാണ് ലുക്ക്ഔട്ട് നോട്ടീസ്. കേസിൽ 12 വിദ്യാർഥികൾക്കെതിരെ കൂടി നടപടിയെടുക്കും.

10 വിദ്യാർഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തു. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് 2 പേരെ ഒരു വർഷത്തേക്ക് ഇന്‍റേണൽ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. അതേസമയം, ഈ 12 വിദ്യാർഥികളെയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.

നേരത്തെ സംഭവത്തിൽ 19 വിദ്യാർഥികൾക്ക് 3 വർഷത്തേക്ക് പഠന വിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമേ മറ്റൊരു വിദ്യാർഥിക്കുകൂടി പഠന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കോളെജ് ആന്‍റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി. ഇതോടെ ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർഥിനെതിരെ നടന്നതെന്ന കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണ ചെയ്തു. ആരും സഹായത്തിന് എത്തിയില്ല, ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശരീരത്തിൽ കണ്ടെത്തിയ പരുക്കുകളിൽ നിന്നാണ് അത്മഹത്യയുടെ പിന്നിലെ കാരണങ്ങളിലേക്ക് പൊലീസ് എത്തിയത്. ആത്മഹത്യാ പ്രേരണ, മർദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K