02 March, 2024 12:50:55 PM


'രാഷ്ട്രീയ ചുമതലകളില്‍നിന്ന് ഒഴിവാക്കിത്തരണം'- ഗൗതം ഗംഭീര്‍



ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. രാഷ്ട്രീയ ചുമതലകളില്‍ നിന്ന് ഒഴിവാക്കിത്തരാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗംഭീര്‍ എക്സിലൂടെ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങാനിരിക്കെയാണ് ഗംഭീറിന്റെ പ്രതികരണം.

ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ലോക്സഭാ അംഗമാണ് ഗൗതം ഗംഭീര്‍. ഡല്‍ഹിയിലെ എംപിമാരുടെ പ്രകടനം വിലയിരുത്തിയ ബിജെപി ഇത്തവണ സിറ്റിങ് എംപിമാരെ മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് എഎപിയുമായി സഖ്യത്തില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ മത്സരം കടുക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി.

ഇതിനിടെയാണ് രാഷ്ട്രീയ ചുമതലകളില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടതായുള്ള ഗംഭീറിന്റെ വെളിപ്പെടുത്തല്‍. 'ക്രിക്കറ്റുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ചുമതലകളില്‍ ശ്രദ്ധ നല്‍കേണ്ടതിനാല്‍ എന്നെ രാഷ്ട്രീയ ചുമതലകളില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയോട് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിക്കുന്നു' ഗൗതം ഗംഭീര്‍ പറഞ്ഞു.

2019-ല്‍ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് നാലു ലക്ഷത്തിനടുത്ത് ഭൂരിപക്ഷം നേടിയാണ് ഗൗതം ഗംഭീര്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ അരവിന്ദര്‍ സിങ് ലവ്ലിയേയും എഎപിയുടെ അതിഷിയേയുമാണ് ഗൗതം ഗംഭീര്‍ പരാജയപ്പെടുത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K