04 March, 2024 04:49:32 PM
സ്കൂള്‍ അധികൃതരില്‍ നിന്നും കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ
പാലാ : കൈകൂലി കേസിൽ കെ. എസ്. ഇ. ബി. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ. കൊല്ലം സ്വദേശി സുമേഷ് എസ് എൽ ആണ് ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പിടിയിലായത്. ഇയാളിൽ നിന്ന് 7000 രൂപയും കണ്ടെടുത്തു. വിജിലൻസ് എസ്. പി. വി. ജി. വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു.
കഴിഞ്ഞ ദിവസം പകൽ സ്കൂളിൽ ലിഫ്റ്റ് പരിശോധനയ്ക്ക് ചെന്ന സുമേഷ് പരിശോധനയ്ക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട റെക്കോർഡുകളും റിപ്പോർട്ടുകളും മറ്റും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ തയ്യാറാക്കുന്നതിന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. മിനിഞ്ഞാന്ന് വൈകുന്നേരം അഞ്ചു മണിക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ കൊണ്ട് കൊടുക്കാനാണ് ആവശ്യപ്പെട്ടത്.
എന്നാൽ സ്കൂൾ മാനേജർ അസൗകര്യം അറിയിക്കുകയും പതിനായിരം രൂപയിൽ നിന്നും കൈക്കൂലി കുറച്ചു കൊടുക്കണമെന്നും ആവശ്യപെട്ടു. അങ്ങനെ ഏഴായിരം രൂപ കൈമാറാൻ ധാരണയായി. അത് ഇന്ന് പാലാ പോളിടെക്നിക്കിൽ പരിശോനയ്ക്ക് വരുന്ന സമയം നൽകാനും ആവശ്യപ്പെട്ടു. അത്പ്രകാരം ഇന്ന് ഉച്ചയോടെ പാലാ പോലീസ് സ്റ്റേഷൻ ഭാഗത്തു വെച്ച് പരാതിക്കാരനിൽ നിന്ന് ഏഴായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക് ഇൻസ്‌പെക്ടറെ വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു.
https://youtu.be/ordGL4fT48E?si=pjMyb-JiBDFBLrAb