05 March, 2024 09:15:58 PM


കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളുമായി അവയവ മാഫിയ! വിഡിയോയും സന്ദേശവും വ്യാജം

- രാജേഷ് രാമചന്ദ്രൻ



കോയമ്പത്തൂർ : പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോയി അവയവങ്ങൾ മുറിച്ചെടുക്കുന്ന സംഘത്തെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ സഹിതമുള്ള സന്ദേശം വ്യാജമെന്ന് കണ്ടെത്തൽ. സംഘത്തിന്റെ പക്കൽ നിന്ന് ജീവനില്ലാത്ത ഏഴ് കുഞ്ഞുങ്ങളെ കണ്ടെത്തിയെന്ന അവകാശവാദവുമായാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

"വിവിധ ഭാഗങ്ങളിൽ നിന്ന് പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന ഒരു തമിഴ്നാട് സംഘത്തെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു ഇവരുടെ പക്കൽ നിന്ന് ജീവനില്ലാത്ത ഏഴ് കുഞ്ഞുങ്ങളെ കണ്ടെത്തിയിരിക്കുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഉൾക്കാടിന്റെ ഉൾവനങ്ങളിൽ നിന്ന് മറ്റൊരു സംഘത്തെയും പോലീസിനു കണ്ടെത്താൻ കഴിഞ്ഞു പോലീസ് അവടെ എത്തുമ്പോൾ ജീവനോടെ കുഞ്ഞുങ്ങളെ കീറി കിഡ്നി കണ്ണ് ലിവർ മറ്റ് അവയവങ്ങൾ ഓരോന്നായി ഭരണിയിൽ സൂക്ഷിക്കുകയായിരുന്നു ഒരു ഭയാനകമായ കാഴ്ചയായിരുന്നു പോലീസിന് കാണാൻ കഴിഞ്ഞത് ഈ കൃത്യം ചെയ്യുമ്പോൾ ഒരു കുഞ്ഞു മരിച്ചിട്ട് പോലും ഇല്ലായിരുന്നു ഇത്രയും പൈശാചികമായ ഒരു ക്രൂരകൃത്യം ഇന്നുവരെ തമിഴ്നാട് പോലീസിന് കാണാൻ കഴിഞ്ഞിട്ടില്ല ആയതിനാൽ എല്ലാവരും നമ്മളുടെ കുഞ്ഞുങ്ങളെ സൂക്ഷിക്കുക കുഞ്ഞുങ്ങൾ പുറത്തിറങ്ങുമ്പോൾ കുഞ്ഞുങ്ങളെ നമ്മൾ എപ്പോഴും സൂക്ഷ്മതയോടെ നിരീക്ഷിക്കുക ജാഗ്രത പാലിക്കുക" ഇതായിരുന്നു ഭയാനകമായ വീഡിയോയോടൊപ്പം പ്രചരിക്കുന്ന സന്ദേശം.

വൈറൽ വിഡിയോയിലെ ദൃശ്യങ്ങളെല്ലാം വിവിധ സ്ഥലങ്ങളിലെ വ്യത്യസ്ത സംഭവങ്ങളുമായി ബന്ധപ്പെട്ടവയാണെന്നതാണ് വാസ്തവം. 

തമിഴ്‌നാട്ടിൽ കുട്ടിക്കടത്ത് വർധിച്ചതായും കുട്ടികളെ തട്ടിക്കൊണ്ടുപോയി ശരീരഭാഗങ്ങൾ വികൃതമാക്കുന്നതായുമായി സൂചിപ്പിച്ചുകൊണ്ട് നാല് ദൃശ്യങ്ങളാണ് വീഡിയോയിൽ ഉൾകൊള്ളിച്ചിട്ടുള്ളത്. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ
പ്ലാസ്റ്റിക് കവറിലും വെള്ളത്തുണിയിലും പൊതിഞ്ഞ്  നിലത്ത് കിടക്കുന്നതും ചിലർ അവർക്ക് ചുറ്റും കരയുന്നതാണ് വിഡിയോയുടെ ആരംഭത്തിൽ. എന്നാലിത് 2022 ജൂലൈയിൽ രാജസ്ഥാനിലെ നാഗൗർ നഗരത്തിലെ പവർ ഹൗസിന് മുന്നിലെ ഗ്രൗണ്ടിൽ വെള്ളം നിറഞ്ഞ കുഴികളിൽ വീണ് മരിച്ച ആരതി (3), ലിച്ച്മ (3), രാംലാൽ (3),  ഷിംഭുറാം (4) എന്നീ  4 കുട്ടികളുടെ ചിത്രമാണ്. വിവിധ മാധ്യമങ്ങൾ ഇതുസംബന്ധിച്ച വാർത്തകളും നൽകിയിരുന്നു.

മുഖം മറച്ച ചിലർ കുട്ടികളെ തട്ടിക്കൊണ്ടുപോയി കാട്ടിൽ കെട്ടിയിടുന്ന ദൃശ്യങ്ങളാണ് രണ്ടാമതായി വിഡിയോയിലുള്ളത്. ഈ വീഡിയോ ഗ്രേറ്റർ ചെന്നൈ പൊലീസിന്റെ ഒരു പഴയ പോസ്റ്റുമായി ബന്ധപ്പെതാണ്. ഒരു സംഘം ആളുകൾ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പൊതുജനങ്ങളിൽ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നതിനും സാമൂഹിക ഘടനയെ ശല്യപ്പെടുത്തുന്നതിനുമായി പ്രചരിപ്പിച്ച കിംവദന്തികളാണിവയെന്ന് കാട്ടി ഗ്രേറ്റർ ചെന്നൈ പോലീസ് (ജിസിപി) നൽകിയ മുന്നറിയിപ്പ് ഈ വീഡിയോയുമായി ബന്ധപ്പെട്ടിരിക്കുന്നു.

വൈറൽ വിഡിയോയിലെ മറ്റൊരു ദൃശ്യത്തിൽ ഒരു കുട്ടിയുടെ മുൻഭാഗത്തെ ശരീരത്തിന്റെ ഭയാനകമായ ചിത്രമാണുള്ളത്. ഈ ചിത്രം ഉത്തർപ്രദേശിലെ സിരാവസ്തി ജില്ലയിലെ ഒരു ഗ്രാമത്തിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ പുള്ളിപ്പുലി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടതാണ്. വീഡിയോയിലെ ഈ രംഗം വ്യാജമാണെന്ന് ചെന്നൈ പൊലീസും സ്ഥിരീകരിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K