11 March, 2024 01:06:28 PM


ഇലക്ടറല്‍ ബോണ്ട് കേസ്: എസ്ബിഐയുടെ അപേക്ഷ തള്ളി, സാവകാശമില്ല



ന്യൂഡല്‍ഹി: ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബിഐക്ക് തിരിച്ചടി. വിവരങ്ങൾ നൽകാൻ സമയം നീട്ടി നൽകണമെന്ന എസ്ബിഐയുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി വിവരങ്ങൾ നാളെ കൈമാറണമെന്ന് ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ 15ന് പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇല്ലെങ്കിൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും പരമോന്നത കോടതി വ്യക്തമാക്കി. 

ബോണ്ട് വാങ്ങിയവരുടെയും രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയ ബോണ്ടുകളുടെയും വിവരങ്ങൾ എസ്ബിഐയുടെ പക്കലുണ്ട്. വാങ്ങിയ ബോണ്ടുകളുടെ വിശദാംശങ്ങൾ എളുപ്പത്തിൽ ലഭ്യമാണെന്നിരിക്കെ പിന്നെന്തിനാണ് സാങ്കേതികത്വം പറഞ്ഞ്  വൈകിപ്പിക്കുന്നതെന്ന് കോടതി വാദത്തിനിടെ ചോദിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷൻ വാദത്തിനിടെ നല്കിയ മുദ്രവച്ച കവർ കോടതി തുറന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് വരെ നല്കിയ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കോടതിയിൽ നല്കിയ വിവരങ്ങൾ പ്രസിദ്ധീകരിക്കും. നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. 

വാദത്തിനിടെ എസ്ബിഐയെ സുപ്രീം കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചു. കേസിൽ സുപ്രീംകോടതി വിധി പറഞ്ഞിട്ട് 26 ദിവസം കഴിഞ്ഞു. ഇത് വരെ എന്ത് ചെയ്യുകയായിരുന്നുവെന്നും എന്തിന് സമയം വൈകിപ്പിച്ചെന്നും കോടതി ചോദിച്ചു. ഇലക്ടറൽ ബോണ്ടുകൾ നൽകുന്നത് നിർത്തിവച്ചുവെന്നും  പൂർണ്ണവിവരം നൽകുന്നതിന് സമയം വേണമെന്നായിരുന്നു എസ്ബിഐയ്ക്കായി  ഹാജരായ ഹരീഷ് സാൽവേ കോടതിയെ അറിയിച്ചത്. 

ഇതോടെ വിധി വന്ന 26 ദിവസം കൊണ്ട് എന്താണ് ബാങ്ക് ഇതുവരെ ചെയ്തതെന്ന് കോടതി ആരാഞ്ഞു. അതിനെ കുറിച്ച് ഹർജിയിൽ ഒന്നും പറയുന്നില്ലല്ലോ എന്നും കോടതി ചോദിച്ചു. സാങ്കേതികത്വമല്ല. ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. എസ്ബിഐയിൽ നിന്ന് ആത്മാർത്ഥത പ്രതീക്ഷിക്കുന്നുവെന്നും കോടതി സൂചിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ രഹസ്യരേഖയായി നൽകിയത് പരസ്യപ്പെടുത്താനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K