12 March, 2024 07:44:00 PM
ആന്‍റണി രാജുവിനൊപ്പം ഒത്തുകളിക്കുകയാണോ? തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
ന്യൂഡല്‍ഹി: മുൻ മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടി മുതൽ കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. കേസിൽ സംസ്ഥാന സർക്കാർ മറുപടി നല്കാത്തത് ഗൗരവതരമാണെന്ന് ജസ്റ്റിസുമാരായ സിടി രവികുമാർ രാജേഷ് ബിൻഡാൽ എന്നിവർ ഉൾപ്പെട്ട ബഞ്ച് നിരീക്ഷിച്ചു. പ്രതിയുമായി സർക്കാർ ഒത്തുകളിക്കുകയാണോ എന്ന് കോടതി ചോദിച്ചു. എല്ലാ വസ്തുതകളും വ്യക്തമാണെന്നിരിക്കെ കേരളത്തിന് ഇനി എന്ത് മറുപടിയാണ് നല്കാനുള്ളതെന്നും കോടതി ചോദിച്ചു. സത്യവാങ്മൂലം നല്കാൻ കേരളത്തിന് കോടതി കർശനം നിർദ്ദേശം നല്കി. വിദേശി ഉൾപ്പെട്ട ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മജിസ്ട്രേറ്റ് കോടതിയിൽ മാറ്റി നല്കി തെളിവ് നശിപ്പിച്ചെന്നാണ് ആന്‍റണി രാജുവിനെതിരായ കേസ്. പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് എതിരെയാണ് ആന്‍റണി രാജു സുപ്രീംകോടതിയിൽ അപ്പീൽ നല്കിയത്. കഴിഞ്ഞ നവംബറിൽ നിർദ്ദേശം നല്തിയിട്ടും കേരളം ഇതുവരെ മറുപടി നല്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.