12 March, 2024 07:46:23 PM


ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി സത്യപ്രതിജ്ഞ ചെയ്തു



ചണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപി നേതാക്കളായ കൻവാർ പാൽ ഗുജ്ജർ, മുൽചന്ദ് ശർമ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര എംഎൽഎ രഞ്ജിത്ത് സിംഗും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്രയില്‍ നിന്നുള്ള എംപിയുമാണ് നായബ് സിങ് സൈനി.

മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് നായബ് സിങ് സൈനി മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ബിജെപിയും സഖ്യകക്ഷിയായ ജെജെപിയും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ നിലവിലുണ്ടായിരുന്ന മന്ത്രിസഭ രാജിവെയ്ക്കുകയായിരുന്നു.

മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിൻ്റെ വിശ്വസ്തനാണ് നയാബ് സിങ് സൈനി. ബിജെപിയില്‍ ദീർഘകാലത്തെ പ്രവർത്തന പരിചയമുണ്ട് സൈനിക്ക്. 1996-ൽ ഹരിയാന ബിജെപിയുടെ സംഘടനാ ചുമതല പാർട്ടി നയാബ് സിങ് സൈനിയെ ഏല്‍പ്പിച്ചു. 2002ൽ അംബാല ബിജെപി യുവമോർച്ചയുടെ ജില്ലാ ജനറൽ സെക്രട്ടറിയായി. 2012ൽ നയാബ് സൈനിയെ അംബാല ജില്ലാ പ്രസിഡൻ്റായി നിയമിച്ചു.

2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാരയ്ന്‍ഗഢിൽ നിന്ന് നിയമസഭാ ടിക്കറ്റ് നൽകുകയും അദ്ദേഹം നിയമസഭയിലെത്തുകയും ചെയ്തതു. 2016 ല്‍ ഖട്ടർ മന്ത്രിസഭയിൽ മന്ത്രിയായി. 2019 ല്‍ കുരുക്ഷേത്ര ലോക്‌സഭാ മണ്ഡലത്തിൽ 3.85 ലക്ഷം വോട്ടിന് വൻ വിജയം കരസ്ഥമാക്കി നിയമസഭയില്‍ എത്തുകയും ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ എത്തുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K