13 March, 2024 04:31:07 PM


ആകെ വിറ്റ 22,217 കടപ്പത്രങ്ങളില്‍ 22,030 എണ്ണം രാഷ്ട്രീയ പാർട്ടികൾ ഉപയോഗിച്ചു- എസ്ബിഐ



ന്യൂഡൽഹി: ആകെ വിറ്റത് 22,217 കടപ്പത്രങ്ങളാണെന്നും ഇതിൽ 22,030 എണ്ണം രാഷ്ട്രീയ പാർട്ടികൾ ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് കടപ്പത്രവുമായി ബന്ധപ്പെട്ട കേസിൽ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറി എസ്ബിഐ. കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു നടപടി. ഇക്കാര്യം അറിയിച്ചു സുപ്രീംകോടതിയിൽ എസ്ബിഐ സത്യവാങ്മൂലം നൽകി.

തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ വിവരങ്ങള്‍ 15നു വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഓരോ പാർട്ടിക്കും ആരുടെയെല്ലാം പണം ലഭിച്ചുവെന്ന വിവരം എസ്ബിഐ ക്രോഡീകരിച്ച് നൽകിയിട്ടില്ല. ഇതിനു ജൂൺ 30 വരെ സാവകാശം ആവശ്യപ്പെട്ടാണു സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷനു പെൻഡ്രൈവിലാണു വിവരങ്ങൾ കൈമാറിയതെന്നും ഇതിലെ രണ്ടു പിഡിഎഫ് ഫയലുകൾക്കു പാസ്‌‍‌വേഡ് നൽകിയിട്ടുണ്ടെന്നും എസ്ബിഐ പറയുന്നു. 2019 എപ്രിൽ മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള വിവരങ്ങളാണു പെൻഡ്രൈവിലുള്ളത്. വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K