15 March, 2024 11:45:56 AM


സിദ്ധാർഥന്‍റെ മരണത്തിന് മുമ്പും പൂക്കോട് കോളെജിൽ ആൾക്കൂട്ട വിചാരണ; 13 പേർക്കെതിരെ നടപടി



വയനാട്: സിദ്ധാര്‍ഥന്‍റെ മരണത്തിന് മുമ്പ് മറ്റുചില വിദ്യാര്‍ഥികള്‍ കൂടി ആള്‍ക്കൂട്ട വിചാരണ നേരിട്ടെന്ന കണ്ടെത്തലില്‍ നടപടിയുമായി പൂക്കോട് വെറ്ററനറി കോളേജ്. കുറ്റക്കാരെന്ന് കണ്ടെത്തിയ പതിമൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ ആന്റി റാഗിങ് സ്‌ക്വാഡ് സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു. സിദ്ധാര്‍ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ മൊഴിയെടുത്തപ്പോഴാണ് സമാന ആള്‍ക്കൂട്ട വിചാരണ പുറത്തറിഞ്ഞത്.

സിദ്ധാര്‍ത്ഥന്‍ നേരിട്ട ആള്‍ക്കൂട്ട വിചാരണയും സമാനതകളില്ലാത്ത ക്രൂരതയും ഒറ്റപ്പെട്ടതല്ല. 2019, 2021 ബാച്ചുകളില്‍പ്പെട്ട രണ്ട് വിദ്യാര്‍ഥികള്‍ കൂടി ആള്‍ക്കൂട്ട വിചാരണ നേരിട്ടെന്ന വിവരം ആന്റി റാഗിങ് സ്‌ക്വാഡ് പരിശോധിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം പതിമൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞായിരുന്നു ഈ രണ്ട് ആള്‍ക്കൂട്ട വിചാരണയും. എസ്എഫ്‌ഐ കോളേജ് യൂണിയന്‍ മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരാണ് പ്രതിസ്ഥാനത്തുള്ളത്. 2019 ബാച്ചിലെ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചവര്‍ പഠനം പൂര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പിലാണ്. ഇവരില്‍ നാല് പേര്‍ക്ക് ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് വിലക്ക് ഏര്‍പ്പെടുത്തി. അഞ്ചുപേരുടെ സ്‌കോളര്‍ഷിപ്പ് റദ്ദാക്കി.

2021 ബാച്ചിലെ വിദ്യാര്‍ഥിയെ മര്‍ദിച്ച നാലുപേര്‍ക്കെതിരെയും നടപടിയുണ്ട്. രണ്ട് പേര്‍ക്ക് ഒരുവര്‍ഷത്തെ സസ്‌പെന്‍ഷന്‍. മറ്റ് രണ്ട് പേരുടെ സ്‌കോളര്‍ഷിപ്പ് റദ്ദാക്കി. സിദ്ധാര്‍ത്ഥനെ മര്‍ദിച്ച കുന്നില്‍ മുകളില്‍ കൊണ്ടുപോയി മര്‍ദിച്ചിരുന്നു. ഭയം കൊണ്ട് രണ്ടാഴ്ചയോളം വിദ്യാര്‍ത്ഥി പുറത്ത് മുറിയെടുത്ത് താമസിച്ചെന്നാണ് റിപ്പോര്‍ട്ട്. ആന്റി റാഗിങ് സ്‌ക്വാഡിന്റെ കണ്ടെത്തല്‍ തുടരന്വേഷണത്തിനായി പൊലീസിന് കൈമാറും. സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്നതിനിടെ ഒരു അധ്യാപകന് ലഭിച്ച വിവരം പരാതിയായി അദ്ദേഹം കോളേജ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K