15 March, 2024 12:53:39 PM


'എസ്ബിഐ കോടതിയില്‍ നല്‍കിയ കണക്കുകള്‍ അപൂര്‍ണ്ണം'; വീണ്ടും നോട്ടീസ് നൽകി സുപ്രീം കോടതി



ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. എസ്ബിഐ കോടതിയില്‍ നല്‍കിയ കണക്കുകള്‍ അപൂര്‍ണ്ണം. എസ്ബിഐ നിലവില്‍ നല്‍കിയ രേഖകള്‍ക്ക് പ്രമേ ഇലക്ടറല്‍ ബോണ്ട് നമ്പറുകളും വെളിപ്പെടുത്തണം. രേഖയില്‍ സീരിയല്‍ നമ്പറുകള്‍ ഉള്‍പ്പെടാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ്. ഇലക്ടറല്‍ ബോണ്ട് കേസില്‍ മുഴുവന്‍ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കോടതി എസ്ബിഐക്ക് നോട്ടിസ് അയച്ചു. ഇലക്ടറല്‍ ബോണ്ട് നമ്പറുകളും വെളിപ്പെടുത്തണം. ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ പ്രസിദ്ധീകരിച്ചെങ്കിലേ ബോണ്ട് വാങ്ങിയ ആള്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാണ് പണം നല്‍കിയതെന്നു വ്യക്തമാകൂ എന്നും കോടതി.

"സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് വേണ്ടി ഹാജരാകുന്നത് ആരാണ്? ബാങ്ക് ബോണ്ട് നമ്പറുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ബാങ്ക് ഇത് വെളിപ്പെടുത്തിയെ മതിയാകൂ"-വാദത്തിന്റെ തുടക്കത്തില്‍ തന്നെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. അതേസമയം സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് എസ്ബിഐ കൈമാറിയ തെരഞ്ഞെടുപ്പ് കടപ്പത്രത്തിന്റെ വിവരങ്ങള്‍ കമ്മിഷന്‍ ഇന്നലെ രാത്രിയോടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. 15 ന് വൈകിട്ട് 5 മണിക്കുള്ളില്‍ വിവരങ്ങള്‍ കമ്മിഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K