19 March, 2024 02:10:40 PM


എൻ.ഡി.എയിൽ പൊട്ടിത്തെറി; സീറ്റ് തർക്കത്തിൽ കേന്ദ്ര മന്ത്രി പശുപതി പരസ്



പട്ന: ബിഹാറിലെ എൻഡിഎ മുന്നണിയിൽ പൊട്ടത്തെറി. രാഷ്ട്രീയ ലോക് ജൻശക്തി പാർട്ടിക്ക് എൻഡിഎ മുന്നണി സീറ്റ് നൽകാത്തതിനെ തുടർന്ന് പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ പശുപതി പരസ് മോദി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വകുപ്പ് മന്ത്രിയായിരുന്നു പശുപതി പരസ്. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ സഹോദരനാണ് പശുപതി പരസ്.

കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിസമര്‍പ്പിച്ചെന്നും തന്റെ പാര്‍ട്ടിയോട് സീറ്റ് പങ്കുവയ്ക്കലില്‍ അനീതി കാണിച്ചെന്നും പശുപതി പരസ് പ്രതികരിച്ചു. ഹാജിപ്പൂര്‍ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ചോദിച്ചിരുന്നെങ്കിലും ഒരു സീറ്റ് പോലും രാഷ്ട്രീയ ലോക് ജനശക്തിക്ക് നല്‍കാന്‍ ബിജെപി തയ്യാറായിരുന്നില്ല. പശുപതി പരസുമായി സംസാരിച്ച് വരികയാണെന്നായിരുന്നു വിഷയത്തോടുള്ള ബിജെപി ബിഹാര്‍ അദ്ധ്യക്ഷന് സാമ്രാട്ട് ചൗധരിയുടെ പ്രതികരണം. ഇതിനിടെ പശുപതി പരസ് ബിഹാറിൽ ഇൻഡ്യ സഖ്യത്തിൻ്റെ ഭാഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്.

ബിഹാറില്‍ എന്‍ഡിഎ ഇന്നലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരുന്നു. ബിജെപി 17 സീറ്റിലും ജെഡിയു 16 സീറ്റിലും ലോക് ജനശക്തി രാംവിലാസ് പസ്വാന്‍ 5 സീറ്റിലും മത്സരിക്കും. ജിതിന്‍ റാം മാഞ്ചിയുടെ അവാം മോര്‍ച്ച സെക്യുലറിനും ഉപേന്ദ്ര കുശ്‌വയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഒരോ സീറ്റ് വീതവും നല്‍കിയിട്ടുണ്ട്. എന്നാൽ പശുപതി പരസിൻ്റെ രാഷ്ട്രീയ ലോക് ജനശക്തിക്ക് ഒരു സീറ്റ് പോലും അനുവദിച്ചിരുന്നില്ല.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റിൽ വീതമാണ് ബിജെപിയും ജെഡിയുവും മത്സരിച്ചത്. ഇത്തവണ ബിജെപി 17 സീറ്റുകൾ നിലനിർത്തിയപ്പോൾ ജെഡിയു ഒരു സീറ്റ് വീട്ടുനൽകി 16 സീറ്റിലാണ് മത്സരിക്കുന്നത്. എൽജെഡിക്കും ഒരു സീറ്റിൽ കുറവ് വന്നിട്ടുണ്ട്. 2019ൽ ലോക് ജനശക്തിക്ക് 6 സീറ്റാണ് മത്സരിക്കാൻ നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് ലോക് ജനശക്തി പിളരുകയും രാംവിലാസ് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാനും സഹോദരന്‍ പശുപതി പരസും രണ്ട് ചേരിയിലാവുകയും ചെയ്തിരുന്നു. നിതിഷ് കുമാർ പശുപതി പരസിനോട് അടുപ്പം സൂക്ഷിച്ചപ്പോൾ ബിജെപിക്ക് പ്രിയങ്കരൻ ചിരാഗ് പസ്വാനായിരുന്നു. എന്നാൽ ഇത്തവണ ചിരാഗിനെ ഒപ്പം നിര്‍ത്താനാണ് എന്‍ഡിഎ തീരുമാനിച്ചിരിക്കുന്നത്. 2019ല്‍ മത്സരിച്ച 17 സീറ്റിലും ബിജെപി വിജയിച്ചിരുന്നു. ജെഡിയു 16 സീറ്റിലും എല്‍ജെപി 6 സീറ്റിലും വിജയിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K