23 March, 2024 11:55:21 AM


കേരളത്തിലെ ഉൾപ്പെടെ 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി



ന്യൂഡല്‍ഹി: കേരളത്തിലെ രണ്ടു സിബിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ 20 സ്കൂളുകളുടെ അഫിലിയേഷൻ ബോർഡ് റദ്ദാക്കി. മലപ്പുറം പീവീസ് പബ്ലിക് സ്കൂൾ, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയൽ സെൻട്രൽ സ്കൂൾ എന്നിവയ്ക്കാണ് അംഗീകാരം നഷ്ടപ്പെട്ടത്.

സിബിഎസ്ഇ മാനദണ്ഡങ്ങൾ അനുസരിച്ചാണോ ബോർഡിനു കീഴിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്നറിയാൻ അപ്രതീക്ഷിത പരിശോധനകൾ നടത്തിയിരുന്നു. പല സ്ഥാപനങ്ങളും ഡമ്മി വിദ്യാർഥികൾക്കു പ്രവേശനം നൽകുന്നുവെന്നും യോഗ്യതയില്ലാത്ത വിദ്യാർഥികളെ ക്ലാസുകളിൽ ഇരുത്തുന്നുവെന്നും കണ്ടെത്തിയതായി സിബിഎസ്ഇ സെക്രട്ടറി ഹിമാൻഷു ഗുപ്ത പറഞ്ഞു.

പല സ്ഥാപനങ്ങളും സ്കൂൾ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. തുടർന്നു വിശദമായ അന്വേഷണം നടത്തിയാണു സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കിയത്. നടപടി നേരിട്ടവയിൽ ഡൽഹിയിലെ 5 സ്കൂളുകളും യുപിയിലെ 3 സ്കൂളുകളും ഉൾപ്പെടുന്നു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 2 വീതം സ്കൂളുകളുമുണ്ട്. രാജ്യത്തെ 3 സ്കൂളുകൾക്കെതിരെ തരംതാഴ്ത്തൽ നടപടിയും സ്വീകരിച്ചിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K