25 June, 2024 09:09:39 AM
നീറ്റ് ക്രമക്കേട്: മഹാരാഷ്ട്രയിൽ ഒരാൾ അറസ്റ്റിൽ
ന്യൂഡൽഹി; ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയിലെ (നീറ്റ്–യുജി) ക്രമക്കേടുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ലാത്തൂരിൽ ജില്ലാ പരിഷത്ത് സ്കൂൾ ഹെഡ്മാസ്റ്ററും സ്വകാര്യ കോച്ചിങ് സെന്റർ ഉടമയുമായ ജലീൽഖാൻ ഉമർഖാൻ പഠാനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു.
ലാത്തൂരിലെ തന്നെ മറ്റൊരു അധ്യാപകനായ സഞ്ജയ് തുക്കാറാം ജാധവ്, നാന്ദേഡ് സ്വദേശി ഇറാന മഷ്നാജി, ഡൽഹി സ്വദേശി ഗംഗാധർ എന്നിവർക്കെതിരെയും കേസെടുത്തു. ഇവർ ഒളിവിലാണ്.
ഗുജറാത്ത്, ബിഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ 5 കേസുകൾ സിബിഐ ഏറ്റെടുത്തു. മഹാരാഷ്ട്രയിലെ കേസും ഏറ്റെടുക്കുമെന്നാണു വിവരം. ബിഹാറിലേതു ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ടതാണെങ്കിൽ ആൾമാറാട്ടം, തിരിമറി എന്നിവയുമായി ബന്ധപ്പെട്ടാണു രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ കേസുകൾ.