23 April, 2024 06:40:40 PM


മെറ്റീരിയൽ സയൻസ് റാങ്കിംഗിൽ പ്രഫ. സാബു തോമസ് രണ്ടാം സ്ഥാനത്ത്



കോട്ടയം: പ്രമുഖ രാജ്യാന്തര ശാസ്ത്ര ഗവേഷണ പോർട്ടലായ റിസർച്ച് ഡോട് കോമിൻറെ മൂന്നാമത് റാങ്കിംഗിൽ ഇന്ത്യയിലെ മെറ്റീരിയൽ സയൻസ്  ശാസ്ത്രജ്ഞരുടെ പട്ടികയിൽ മഹാത്മാ ഗാന്ധി സർവകലാശാലാ മുൻ വൈസ് ചാൻസലറും സർവകലാശാലയിലെ ഇൻറർനാഷണൽ ആൻറ് ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ നാനോ സയൻസ് ആൻറ് നാനോ ടെക്‌നോളജി ഡയറക്ടറുമായ പ്രഫ. സാബു തോമസ് രണ്ടാം സ്ഥാനം നിലനിർത്തി. 

ഗവേഷകരുടെ ഡി ഇൻഡക്സിന്റെ അടിസ്ഥാനത്തിലുള്ള റാങ്കിംഗിൽ ബംഗലുരു ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയിന്റിഫിക് റിസർച്ചിലെ വിഖ്യാത ശാസ്ത്രജ്ഞൻ ഡോ. സി.എൻ.ആർ. റാവുവാണ് ഒന്നാമത്. മുൻ വർഷത്തെ റാങ്കിംഗിലും ഡോ. റാവുവും പ്രഫ. സാബു തോമസുമായിരുന്നു ആദ്യ രണ്ടു സ്ഥാനങ്ങളിൽ.ശാസ്ത്ര ഗവേഷകരുടെ വ്യക്തിഗത സംഭാവനകളും അവയുടെ മൂല്യവുമാണ് റാങ്കിംഗിൽ പ്രധാനമായും വിലയിരുത്തുന്നത്. 

ആഗോളതലത്തിൽ വിവിധ മേഖലകളിലെ 166,880 ശാസ്ത്രജ്ഞരെയും മെറ്റീയൽ സയൻസിൽ 27059 പേരെയുമാണ്പരിഗണിച്ചത്. പ്രഫ. സാബു തോമസിന്റെ എച്ച്. ഇൻഡക്സ് 126ഉം സൈറ്റേഷനുകളുടെ എണ്ണം 73,352ഉം ആണ്. പോളിമെർ സയൻസ്, നാനോസയൻസ്, നാനോ ടെക്നോളജി മേഖലകളിൽ നിർണായക സംഭാവനകൾ നൽകിയിട്ടുള്ള ഇദ്ദേഹം 150ഓളം പി.എച്ച്.ഡി വിദ്യാർഥികളുടെ ഗൈഡായി പ്രവർത്തിച്ചിട്ടുണ്ട്. ട്രിവാൻഡ്രം എഞ്ചിനീയറിംഗ് സയൻസ് ആൻഡ് ടെക്‌നോളജി (ട്രെസ്റ്റ്) റിസർച്ച് പാർക്കിന്റെ ചെയർമാനായും പ്രവർത്തിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K