27 June, 2024 04:37:33 PM


നീറ്റ് പരീക്ഷ ക്രമക്കേട്; രണ്ടു പേർ സിബിഐ കസ്റ്റഡിയിൽ



ന്യൂഡൽഹി: നീറ്റ്പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് പേരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത് ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. മനീഷ് കുമാർ, അശുതോഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.

പരീക്ഷയ്‌ക്ക് ഒരു ദിവസം മുമ്പ് (മെയ് 4) ഇരുവരും വിദ്യാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കിയിരുന്നു. കേസിലെ 13 പ്രതികളിൽ പരീക്ഷ എഴുതിയ നാലു ഉദ്യോഗാർത്ഥികളും ഉൾപ്പെടുന്നു. ഇതിനു പുറമെ മറ്റു അഞ്ച് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന മുഖ്യപ്രതി സഞ്ജീവ് മുഖിയയ്ക്കായുള്ള അന്വേഷണം സിബിഐ തുടരുകയാണ്. മുഖിയ നേപ്പാളിലേക്ക് രക്ഷപ്പെട്ടതായും സംശയമുണ്ട്.

ബിഹാർ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത മറ്റൊരു പ്രധാന പ്രതിയായ സിക്കന്ദർ യാദവേന്ദുവിൻ്റെ കൂടുതൽ വിവരങ്ങൾ ഏജൻസിക്ക്ലഭിച്ചിട്ടുണ്ട്. ബീഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേന്ദ്രത്തിന് അയച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, ഞായറാഴ്ച ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പട്‌നയിലെ 17 ഉദ്യോഗാർത്ഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

സിബിഐ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ, ബീഹാർ, ഗുജറാത്ത് സർക്കാരുകൾ പ്രാദേശിക നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസുകൾ കേന്ദ്ര ഏജൻസിക്ക് കൈമാറാൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പരീക്ഷയിൽ നടന്ന ക്രമക്കേടിനെക്കുറിച്ച് ഗോധ്ര താലൂക്ക് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, കേസിൻ്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും, മുഴുവൻ സംഭവങ്ങളിലും വിപുലമായ അന്വേഷണം നടത്താനാകുമെന്നും ഗുജറാത്ത് സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു.

പരീക്ഷാ പരിഷ്‌കാരങ്ങൾ പരിശോധിക്കുന്നതിനും, എൻടിഎയുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനുമായി ഐഎസ്ആർഒ മുൻ ചെയർമാൻ കെ.രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ വിദ്യാഭ്യാസ മന്ത്രാലയം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. സുബോധ് കുമാർ സിംഗിനെ എൻടിഎ മേധാവി സ്ഥാനത്തുനിന്നും ശനിയാഴ്ച മന്ത്രാലയം നീക്കിയിരുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട്, ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പ്രിന്‍സിപ്പാളിനെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K