20 June, 2024 09:05:32 AM


ചോദ്യങ്ങൾ ചോർന്നെന്ന് സംശയം, യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷിക്കും



ന്യൂഡൽഹി: കോളജ് അധ്യാപന യോഗ്യതാപരീക്ഷയായ 'യുജിസി–നെറ്റ്‌' റദ്ദാക്കി. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തിയ പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നെന്ന സംശയത്തെത്തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ നടപടി. അന്വേഷണം സിബിഐയെ ഏൽപിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ചയാണ് നെറ്റ്‌ പരീക്ഷ നടന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്ററിനു (ഐ4സി) കീഴിലെ നാഷനൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റാണ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന സൂചനകൾ കൈമാറിയത്. ഇവ വിലയിരുത്തിയാണ് പരീക്ഷ റദ്ദാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്.

ഇന്നലെ രാത്രിയോടെയാണ് പരീക്ഷ റദ്ദാക്കിയ വിവരം സർക്കാർ പുറത്തുവിട്ടത്. പുതിയ പരീക്ഷ പിന്നീട് നടത്തും. തീയതി പ്രഖ്യാപിച്ചിട്ടില്ല. വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. രജിസ്റ്റർ ചെയ്തിരുന്നവരിൽ 81 ശതമാനവും പരീക്ഷ എഴുതിയിരുന്നതായി യുജിസി ചെയർമാൻ ജഗദേഷ് കുമാർ പറഞ്ഞു.

രാജ്യത്തെ 1205 കേന്ദ്രങ്ങളിൽ നടന്ന പരീക്ഷ 11.21 ലക്ഷം പേരാണ് എഴുതിയത്. 2018 മുതൽ ഓൺലൈനായിരുന്ന പരീക്ഷ ഇക്കുറി വീണ്ടും ഓഫ്‌ലൈൻ രീതിയിലേക്ക് മാറ്റിയിരുന്നു. 'നെറ്റ്' യോഗ്യത ഇത്തവണ മുതൽ പിഎച്ച്ഡി പ്രവേശനത്തിനും പരിഗണിക്കുമെന്നതിനാൽ നെറ്റ്‌ പരീക്ഷയ്ക്കു പ്രാധാന്യമേറിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K