09 August, 2024 06:30:07 PM


നീറ്റ് പിജി പരീക്ഷ മാറ്റില്ല; ഹര്‍ജി സുപ്രീം കോടതി തള്ളി



ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഓഗസ്റ്റ് 11 ന് നടത്താനിരുന്ന നീറ്റ്-പിജി 2024 പരീക്ഷ മാറ്റിവയ്ക്കണമെന്നായിരുന്നു ഹർജി. അടിയന്തരമായി വാദം കേൾക്കണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകനായ അനസ് തൻവീർ ഇന്നലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഏതാനും ഹർജിക്കാരുടെ ആഹ്വാനത്താൽ രണ്ട് ലക്ഷം വിദ്യാർത്ഥികളുടെ കരിയർ അപകടത്തിലാക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് ജൂൺ 23-ന് നടത്താനിരുന്ന പിജി പരീക്ഷ നേരത്തെ മാറ്റിവെച്ചിരുന്നു. പരീക്ഷയെഴുതുന്ന നിരവധി ഉദ്യോഗാർത്ഥികൾക്ക് ദൂരസ്ഥലങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതെന്നും എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K