11 July, 2024 06:32:55 PM
നീറ്റ്: ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റി
ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റി. നീറ്റ് പുനഃപരീക്ഷ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയും കേന്ദ്രസര്‍ക്കാരും സത്യവാങ് മൂലം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കേസിലെ കക്ഷികള്‍ക്ക് ഇതു പരിശോധിക്കാന്‍ സമയം ലഭിച്ചിട്ടില്ലാത്തതിനാല്‍, ഹര്‍ജി പരിഗണിക്കുന്നത് ജുലൈ 18 ലേക്ക് മാറ്റുന്നതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടേയും ക്രമക്കേടുകളുടെയും പശ്ചാത്തലത്തില്‍ മെയ് അഞ്ചിന് നടത്തിയ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും, പുനഃപരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. വ്യത്യസ്ത ഹര്‍ജികളെല്ലാം ഒറ്റ ഹര്‍ജിയായി സമര്‍പ്പിക്കാന്‍ കഴിഞ്ഞതവണ കേസ് പരിഗണിക്കവെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം വിദ്യാര്‍ത്ഥികള്‍ ഒറ്റഹര്‍ജിയായി കോടതിയില്‍ സമര്‍പ്പിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളുമുണ്ടായ സാഹചര്യത്തില്‍, പുനഃപരീക്ഷ മാത്രമാണ് അവസാന ആശ്രയമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം നീറ്റ് പുനഃപരീക്ഷയെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയും കേന്ദ്രസര്‍ക്കാരും എതിര്‍ക്കുകയാണ്. വ്യാപകമായ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും ബിഹാറിലെ ഒരു കേന്ദ്രത്തില്‍ മാത്രമാണ് ചോര്‍ച്ചയുണ്ടായതെന്നും സിബിഐ വ്യക്തമാക്കുന്നു.
ക്രമക്കേടില്‍ പങ്കുണ്ടെന്ന് കണ്ടെത്തുന്ന ഒരാളെപ്പോലും വെറുതെ വിടില്ലെന്നും, ഭാവിയില്‍ എന്‍ടിഎ നടത്തുന്ന പരീക്ഷകള്‍ കൂടുതല്‍ സുതാര്യമായി നടത്താന്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു. രാജ്യത്തെ 571 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 4750 സെന്ററുകളിലായി 23.33 ലക്ഷം വിദ്യാര്‍ത്ഥികളാണ് മെയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷ എഴുതിയത്.