23 July, 2024 06:11:44 PM


നീറ്റിൽ പുനഃപരീക്ഷയില്ല; വ്യാപക ക്രമക്കേട് കണ്ടെത്താനായില്ലെന്ന് സുപ്രീം കോടതി



ന്യൂഡൽഹി: നീറ്റിൽ പുനഃപരീക്ഷ ഇല്ലെന്ന് വിധിച്ച് സുപ്രീം കോടതി. പരീക്ഷാ നടത്തിപ്പിൽ വ്യാപക ക്രമക്കേട് കണ്ടെത്താനായില്ലെന്ന് സുപ്രീം കോടതി. രാജ്യവ്യാപകമായി പരീക്ഷാ പേപ്പർ ചോർന്നതായി പറയാനാകില്ല. പുനപരീക്ഷ നടത്തിയാല്‍ 24 ലക്ഷം വിദ്യാര്‍ത്ഥികളെ ഗൗരവതരമായി ബാധിക്കും. അഡ്മിഷന്‍ ഷെഡ്യൂള്‍ മുതല്‍ ആരോഗ്യ വിദ്യാഭ്യാസത്തെ ഉള്‍പ്പടെ ബാധിക്കുമെന്നും പരീക്ഷ രാജ്യവ്യാപകമായി റദ്ദാക്കുന്നത് നീതീകരിക്കാവുന്ന നടപടിയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാൽ എൻടിഎയ്ക്ക് വീഴ്ചയുണ്ടായെന്നും വിധി പ്രസ്താവത്തിൽ കോടതി പറഞ്ഞു.

നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളും അധ്യാപകരുമടക്കം നൽകിയ വിവിധ പരാതികൾ പരി​ഗണിച്ച് വാദം കേട്ട ശേഷമാണ് സുപ്രീം കോടതി വിധി. വലിയ തോതില്‍ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായാല്‍ മാത്രമേ നീറ്റില്‍ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാകൂവെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.

' 23 ലക്ഷം വിദ്യാര്‍ത്ഥികളില്‍ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുകയെന്നതിനാല്‍ പുനഃപരീക്ഷക്ക് ഉത്തരവിടാന്‍ കഴിയില്ല. മുഴുവന്‍ പരീക്ഷയെയും ബാധിച്ചെന്ന് തെളിഞ്ഞാല്‍ മാത്രേ പുനഃപരീക്ഷ നടത്താനാകൂ', വാദത്തിനിടെ ഡിവൈ ചന്ദ്രചൂഢ് പറഞ്ഞത് ഇങ്ങനെയാണ്.

നീറ്റ് പരീക്ഷാ വിവാദത്തിൽ സുപ്രീം കോടതി ഐഐടി ഡയറക്ടറോട് സഹായം തേടിയിരുന്നു. നീറ്റ് യുജി ചോദ്യങ്ങളിലെ പിഴവ് പരിശോധിക്കാന്‍ ഐഐടി ഡല്‍ഹിയെ സുപ്രീം കോടതി ചുമതലപ്പെടുത്തിയിരിക്കുകയാണ്. വിവിധ വിഷയങ്ങളിലെ വിദഗ്ധരുടെ സംഘം ചോദ്യപേപ്പര്‍ പരിശോധിച്ച് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നൽകാനാണ് നിർദ്ദേശം.

കഴിഞ്ഞതവണ രണ്ടുപേര്‍ മാത്രം മുഴുവന്‍ മാര്‍ക്ക് നേടിയപ്പോള്‍ ഇത്തവണ ഇത് 67 ആയി വര്‍ദ്ധിച്ചു. ഇതില്‍ ഏഴു പേര്‍ ഒരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവര്‍. ഈ അസ്വാഭാവികത ചോദ്യം ചെയ്ത് വിദ്യാ‍ർത്ഥികളും സ്ഥാപനങ്ങളും രം​ഗത്തെത്തി. പിന്നാലെയാണ് ചോദ്യപ്പേപ്പർ ചോർന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931