23 March, 2024 12:40:41 PM


യുവാക്കളെ റഷ്യയിലേക്കയച്ചത് അന്താരാഷ്ട്ര ബന്ധമുള്ള സംഘം; സൂത്രധാരൻ റഷ്യൻ പൗരത്വമുള്ള തുമ്പക്കാരൻ



തിരുവനന്തപുരം: കേരളത്തിലെ തീരദേശങ്ങൾ കേന്ദ്രീകരിച്ച് യുവാക്കളെ റഷ്യയിലേക്ക്‌ റിക്രൂട്ട് ചെയ്തത് അന്താരാഷ്ട്ര ബന്ധമുള്ള വൻ സംഘമെന്നു സൂചന. കായികശേഷിയുള്ള യുവാക്കളെ തിരഞ്ഞുപിടിച്ച് ഉയർന്ന ശമ്പളം വാഗ്ദാനംനൽകിയാണ് സംഘം വലയിലാക്കുന്നത്. വിസയ്ക്കായി വൻ തുകയും ഇവർ കൈപ്പറ്റുന്നുണ്ട്.

ഉന്നതവിദ്യാഭമില്ലാത്ത യുവാക്കളെയാണ് സംഘം തിരഞ്ഞുപിടിക്കുന്നത്. സംഭവം സി.ബി.ഐ.യാണ് ഇപ്പോൾ അന്വേഷിക്കുന്നത്. അഞ്ചുതെങ്ങിൽനിന്നുള്ള മൂന്നു യുവാക്കളെയാണ് ഈ സംഘം ആദ്യം വലയിലാക്കിയത്. അഞ്ചുതെങ്ങ് കൊപ്രാക്കൂട് പുരയിടത്തിൽ പരേതനായ പനിയടിമയുടെയും ബിന്ദുവിന്റെയും മകൻ ടിനു(25), കൊപ്രാക്കൂട് പുരയിടത്തിൽ സെബാസ്റ്റ്യൻ-നിർമ്മല ദമ്പതിമാരുടെ മകൻ പ്രിൻസ്(24), അഞ്ചുതെങ്ങ് കൃപാനഗർ കുന്നുംപുറത്ത് സിൽവ-പനിയമ്മ ദമ്പതിമാരുടെ മകൻ വിനീത്(22) എന്നിവർ ജനുവരി മൂന്നിനാണ് റഷ്യയിലേക്കു പോയത്.

സൂപ്പർമാർക്കറ്റിൽ സുരക്ഷാജീവനക്കാരുടെ ജോലിക്കെന്നു പറഞ്ഞാണ് ഇവരെ കൊണ്ടുപോയത്. അവിടെയെത്തിയപ്പോൾ ഇവരെക്കൊണ്ട് കരാർ ഒപ്പിടീച്ചശേഷം സൈനിക ക്യാമ്പിലേക്കു കൊണ്ടുപോവുകയായിരുന്നു. ക്യാമ്പിൽ 23 ദിവസത്തെ പരിശീലനത്തിനു ശേഷം യുദ്ധഭൂമിയിലേക്കയച്ചു. ഇവരിൽ പ്രിൻസിന് വെടിയേൽക്കുകയും ബോംബ് വീണ് കാലിനു പരിക്കേൽക്കുകയും ചെയ്ത് ആശുപത്രിയിലായതോടെയാണ് യുവാക്കൾ ചതിക്കപ്പെട്ട വിവരം നാട്ടിലറിയുന്നത്. ഇവർ മൂന്നുപേരും ഇപ്പോഴും റഷ്യയിലാണ്.

രണ്ടാമത് റഷ്യയിലേക്കു കയറ്റിവിട്ടത് 32 പേരെയാണ്. തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരും കൊല്ലം ജില്ലയിൽനിന്നുള്ള നാലുപേരും സംഘത്തിലുണ്ടായിരുന്നു. മറ്റുള്ളവരെല്ലാം തിരുവനന്തപുരം ജില്ലയിലെ പൂവാർ, പൊഴിയൂർ, പുതുക്കുറിച്ചി എന്നിവിടങ്ങളിൽനിന്നുളളവരായിരുന്നു. ഓരോരുത്തരിൽനിന്നും ഏഴുലക്ഷം രൂപ വീതം ഏജന്റ് കൈപ്പറ്റുകയും ചെയ്തു.

തീരദേശത്തെ കായികശേഷിയുള്ള യുവാക്കൾക്ക് മോഹനവാഗ്ദാനങ്ങൾ നൽകി വലയിലാക്കാൻ കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ഏജന്റുമാർ പ്രവർത്തിക്കുന്നതായാണ് സൂചന. ഇവരെയെല്ലാം നിയന്ത്രിക്കുന്നത് റഷ്യയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ഒരു മലയാളിയാണെന്നും വിവരമുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.എവിടെനിന്ന് എത്രത്തോളം ആളുകളെ റഷ്യയിലേക്കു കടത്തിയിട്ടുണ്ടെന്ന് കൂടുതൽ അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ. 

കരാർ റഷ്യൻ ഭാഷയിൽ; ഒപ്പിടാൻ ഭീഷണി 

റഷ്യയിലെത്തിയാൽ ഒപ്പിടാൻ നൽകുന്നത് റഷ്യൻ ഭാഷയിലുള്ള കരാറാണെന്ന് രണ്ടാംസംഘത്തിൽ റഷ്യയിൽ പോയി മടങ്ങിയെത്തിയ പുതുക്കുറിച്ചി സ്വദേശി പറയുന്നു.32 പേരടങ്ങുന്ന സംഘം ഫെബ്രുവരി എട്ടിനാണ് നെടുമ്പാശ്ശേരിയിൽനിന്ന്‌ ഷാർജ വഴി മോസ്‌കോയിലെത്തിയത്. അവിടെയെത്തി ഒരു ദിവസം കഴിഞ്ഞപ്പോൾത്തന്നെ കാര്യങ്ങൾ മോശമാണെന്നു മനസ്സിലായി. വിസ കാലാവധി ഫെബ്രുവരി 28-ന് അവസാനിക്കുമെന്നും അതിനു മുൻപ്‌ കരാർ ഒപ്പിടണമെന്നും പറഞ്ഞു.

ലഭിച്ച കരാർ റഷ്യൻ ഭാഷയിലുള്ളതായിരുന്നു. സംശയം തോന്നിയതിനാൽ ഗൂഗിൾ പരിഭാഷ വഴി കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. ഒടുവിൽ ഇംഗ്ലീഷും റഷ്യനും അറിയുന്ന അറിയുന്ന ഒരാളിന്റെ സഹായം തേടി. അയാളിൽനിന്നാണ് ഇത് യുദ്ധഭൂമിയിൽ പോകാനുള്ള കരാറാണെന്നു മനസ്സിലായത്. തുടർന്ന് കരാർ ഒപ്പിടാനാകില്ലെന്നും തങ്ങളെ മടക്കിയയയ്ക്കണമെന്നും പറഞ്ഞു.

കേരളത്തിലെ തീരദേശങ്ങളിൽനിന്ന്‌ യുവാക്കളെ റഷ്യയിലെ യുദ്ധഭൂമിയിലേക്ക്‌ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ സൂത്രധാരൻ റഷ്യൻ പൗരത്വമുള്ള തുമ്പ സ്വദേശിയെന്നു സൂചന. ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ സി.ബി.ഐ. അന്വേഷണം നടക്കുന്നത്.കേരളത്തിൽനിന്ന്‌ മോസ്‌കോയിലെത്തി റഷ്യക്കാരിയെ വിവാഹംചെയ്ത് റഷ്യൻ പൗരത്വം നേടിയയാളാണ് ഇയാളെന്നാണ് വിവരം. ഇയാളുടെ ബന്ധുവും തുമ്പയിൽ സ്ഥിരതാമസക്കാരനുമായ ആളാണ് യുവാക്കളെ തേടിപ്പിടിച്ച് വലയിലാക്കുന്നത്. അഞ്ചുതെങ്ങ് സ്വദേശികളെ റഷ്യയിലേക്കു  കയറ്റിയയച്ചത് ഇയാളാണ്.

അഞ്ചുതെങ്ങ് സ്വദേശികൾ മോസ്കോയിലെത്തിയപ്പോൾ വിമാനത്താവളത്തിൽ അവരെ സ്വീകരിച്ചത് റഷ്യൻ പൗരത്വമുള്ള മലയാളിയാണ്.. ഇയാളാണ് യുവാക്കളെക്കൊണ്ട് കരാറൊപ്പിടീച്ച ശേഷം സൈനിക കമാൻഡർക്ക് കൈമാറിയതെന്ന് റഷ്യയിൽ യുദ്ധത്തിൽ പരിക്കേറ്റ പ്രിൻസ് പറയുന്നു.അന്താരാഷ്ട്ര ബന്ധമുള്ള വൻ റാക്കറ്റ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽനിന്നും ഇതുപോലെ യുവാക്കളെ യുദ്ധഭൂമിയിലേക്ക്‌ റിക്രൂട്ട് ചെയ്തിട്ടുണ്ടാകാമെന്നും സംശയിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K