26 March, 2024 09:54:15 AM


പൗർണമിക്കാവിൽ ചരിത്രം കുറിച്ച് ആദിവാസി സമൂഹവിവാഹം



തിരുവനന്തപുരം: അസാധാരണമായ ആദിവാസി സമൂഹ വിവാഹത്തിലൂടെ ചരിത്രം കുറിച്ച് പൗർണമിക്കാവും ധനലക്ഷ്മി ഗ്രുപ്പ് ഓഫ് കമ്പനീസും. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനലക്ഷ്മി ഗ്രുപ്പ് ഓഫ് കമ്പനീസിന്‍റെ നൂറാമത് ശാഖയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു സമൂഹ വിവാഹം. ആദിവാസി മേഖലയിലെ 216 പേരാണ് ഇന്നലെ പൗർണമിക്കാവിൽ ഒന്നായത്. ഒരേ നിറത്തിലുള്ള കല്യാണ വസ്ത്രങ്ങൾ ധരിച്ച വധൂവരന്മാർ ദേവിയെ വലം വെച്ച് തൊഴുതതിന് ശേഷമാണ് കതിർമണ്ഡപത്തിലേക്ക് കയറിയത്.12.6ന് താലി ചാർത്തി, മോതിരം കൈമാറി, തുളസിമാല ചാർത്തി, ബൊക്ക കൈമാറി.

പഞ്ചവാദ്യത്തിന്‍റെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയിൽ നടന്ന ചടങ്ങിന് നൂറ് കണക്കിന് ഭക്തർ സാക്ഷിയായി. ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള മുഖ്യാതിഥിയായി. ഒരേ വേദിയിൽ ഒരേ സമയം 216 ആദിവാസി യുവതി യുവാക്കൾ വിവാഹിതരായതിന്റെ ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ് പി. എസ്. ശ്രീധരൻപിള്ള ഏറ്റുവാങ്ങി ക്ഷേത്രം ട്രസ്റ്റി സോഹൽ. ആർ. സി. ബാബുവിന് കൈമാറി. ആദിവാസി കലാകാരൻമാരുടെ ഗോത്രവർഗ കലാപരിപാടികൾ സമൂഹ മാംഗല്യത്തിന് മാറ്റുകൂട്ടി രാവിലെ 7 മുതൽ രാത്രി 12 വരെ ഇടതടവില്ലാതെ അന്നദാനവും നടന്നു.

ദമ്പതിമാരുടെ ഭാവി ജീവിതം സുരക്ഷിതമാക്കാനുള്ള പദ്ധതികൾ ധനലക്ഷ്മി ഗ്രൂപ്പും പൗർണമിക്കാവും തയ്യാറാക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. ഇവർക്ക് ജനിക്കുന്ന കുട്ടികളുടെ പഠനത്തിന്‍റെ ചിലവ് പൗർണമിക്കാവും ധനലക്ഷ്മി ഗ്രൂപ്പുമാണ് വഹിക്കുന്നത്. ക്ഷേത്രം മഠാധിപതി സിൻഹാ ഗായത്രി, ക്ഷേത്രം ട്രസ്റ്റി എം. എസ് ഭൂവനചന്ദ്രൻ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ശശി തരൂർ എം. പി, ധനലക്ഷ്മി ഗ്രൂപ്പിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വിപിൻ ദാസ് കടങ്ങോട്ട്, എം വിൻസെന്‍റ് എം. എൽ. എ, ഐ. എസ്. ആർ. ഒ മുൻ ചെയർമാൻ ഡോ. മാധവൻ നായർ, കിളിമാനൂർ അജിത്‌, പള്ളിയറ ശശി, ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ, പ്രവാസി വ്യവസായി ജയന്തകുമാർ, ഇടുക്കിയിലെ കോഴിമല രാജാവ്, ഫാ. പോൾമണാലിൽ, ലക്ഷ്മി നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് വധൂവരന്മാരെ അനുഗ്രഹിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K