27 March, 2024 07:44:58 PM
കെജ്രിവാളിന് തിരിച്ചടി; ഇടക്കാല ജാമ്യമില്ല; ഏപ്രില്‍ രണ്ടിനകം ഇഡി മറുപടി നല്‍കണം
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ആശ്വാസമില്ല. ഉടൻ വിട്ടയക്കണമെന്ന ആവശ്യത്തില്‍ ഡല്‍ഹി ഹൈക്കോടതി തീരുമാനമെടുത്തില്ല. അറസ്റ്റ് നിയമവിരുദ്ധമാണെന്ന ഹര്‍ജിയും കസ്റ്റഡി കാലാവധി ഉടൻ പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ഉടൻ വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള ഉപഹര്‍ജിയുമാണ് ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചത്. ഇതില്‍ ഉപഹര്‍ജിയില്‍ മറുപടി നല്‍കാൻ സമയം അനുവദിക്കണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഉപഹര്‍ജിയില്‍ വിശദീകരണം തേടി ഇഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇഡിക്ക് മറുപടി നല്‍കാൻ ഏപ്രില്‍ രണ്ടുവരെ സമയവും കോടതി അനുവദിച്ചു. തുടര്‍ന്ന് ഉപഹര്‍ജിയില്‍ ഏപ്രില്‍ മൂന്നിന് വിശദമായ വാദം തുടരുമെന്നും കോടതി വ്യക്തമാക്കി.
കെജ്രിവാളിന്‍റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഇടക്കാല ആശ്വാസം തേടിയുള്ള ഉപഹര്‍ജി വിശദവാദത്തിനായി ഏപ്രില്‍ മൂന്നിലേക്ക് മാറ്റിയത്. മാര്‍ച്ച് 21നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വിചാരണ കോടതി മാര്‍ച്ച് 28വരെ ഇഡിയുടെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. തനിക്കെതിരായ ആരോപണം തെളിയിക്കുന്നതില്‍ ഇഡി പരാജയപ്പെട്ടുവെന്നും ഉടൻ വിട്ടയക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് തേടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും യാതൊരു തെളിവുമില്ലാതെയാണ് അറസ്റ്റ് നടപടിയെന്നും ഭരണഘടനയുടെ അടിത്തറ തകര്‍ക്കുന്ന നടപടിയാണിതെന്നുമാണ് ഹര്‍ജി പരിഗണിച്ചപ്പോള്‍ കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് സിങ്വി വാദിച്ചത്.