31 March, 2024 10:27:30 AM


'ഓര്‍മയുടെ കൂര്‍മത': തലച്ചോറിലെ ഫോണ്‍ ബുക്കിന്‍റെ പ്രകടനവുമായി ഗോപാല്‍ജി



പാലാ: ഒരിക്കലെങ്കിലും മസ്തിഷ്കത്തിലൂടെ കടന്നുപോകുന്ന ഫോണ്‍നമ്പരുകള്‍ പിന്നീട് ഏതവസരത്തിലും ഓര്‍ത്തെടുത്തു പറഞ്ഞു തരാന്‍ കഴിയുന്ന അപൂര്‍വ്വ സിദ്ധിയുമായി ആണ്ടൂരിന്‍റെ അഹങ്കാരമായൊരാള്‍ - അതാണ്  'ഗോപാല്‍ജി' എന്നു  വിളിപ്പേരുള്ള പുതുശ്ശേരി തറപ്പില്‍  പി.വി.ഗോപാലകൃഷ്ണന്‍.


ആണ്ടൂര്‍ ദേശീയ വായനശാല ഏപ്രില്‍ 7-ന്‌ 'ലോകാരോഗ്യ ദിനാ'ചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഗോപാല്‍ജിയുടെ 'ഓര്‍മയുടെ കൂര്‍മത' എന്ന തലച്ചോറിലെ ഫോണ്‍ ബുക്കിന്‍റെ പ്രകടനം കാഴ്ച വയ്ക്കും. ഒരു പ്രാവശ്യമെങ്കിലും ഫോണില്‍, തന്നെ ബന്ധപ്പെടുകയോ താന്‍ നേരിട്ടു വിളിക്കുകയോ ചെയ്തിട്ടുള്ള പ്രമുഖരുടേത് ഉള്‍പ്പടെയുള്ള നൂറുകണക്കിനു ഫോണ്‍ നമ്പരുകള്‍  ഓര്‍ത്തെടുത്ത് ഞൊടിയിടയില്‍  സദസിനു മുമ്പില്‍ പങ്കുവയ്ക്കും. കൂടാതെ വിവിധ മേഖലകളിലെ പ്രധാനികളുടെ ഫോണ്‍ നമ്പരുകളും ഗോപാല്‍ജിക്ക് ഹൃദിസ്ഥം.  പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ അസാമാന്യ കഴിവ് നേരിട്ട് പരീക്ഷിച്ച് അറിയാനും അവസരമുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ താല്പര്യമുള്ളവര്‍ക്കുവേണ്ടി ഈ അപൂര്‍വസിദ്ധി ആര്‍ജിച്ചെടുക്കുന്നതിനുള്ള സൂത്രവിദ്യകളും കെെമാറും.


വെെകിട്ട് 4 മണിക്ക് ലെെബ്രറി പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍ജി ഇമ്മാനുവല്‍  പരിപാടി ഉദ്ഘാടനം ചെയ്യും. വെെസ് പ്രസിഡന്‍റ് ഉഷ രാജു, സെക്രട്ടറി സുധാമണി വി,  നിര്‍മ്മല ദിവാകരന്‍, അജികുമാര്‍ മറ്റത്തില്‍, ഡോ. വിമല്‍ ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുക്കും. 'ലോകാരോഗ്യ ദിനത്തിലെ ആരോഗ്യ ചിന്തകള്‍ ' എന്ന വിഷയത്തില്‍ സെമിനാറും  നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K