02 April, 2024 12:42:50 PM


ശസ്ത്രക്രിയക്കിടെ അജ്ഞാത വസ്തു ശരീരത്തിൽ കുടുങ്ങി; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി



കോഴിക്കോട്: ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ സമാനമായ മറ്റൊരു പരാതിയും. അത്തോളി ചീക്കിലോട് കോറോത്ത് അശോകനാണ് (60) മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആവശ്യപ്പെട്ട പ്രകാരം തിങ്കളാഴ്ച അശോകനെ വിളിച്ചുവരുത്തി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ തെളിവെടുത്തു. ബൈപ്പാസ് ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തിൽ കുടുങ്ങിയെന്നും ഇതേ തുടർന്ന് കഴിഞ്ഞ അഞ്ചുവർഷമായി താൻ ദുരിതമനുഭവിക്കുകയാണെന്നുമാണ് പരാതിയിൽ പറയുന്നത്.

പരാതി അന്വേഷിക്കാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തി. തിങ്കളാഴ്ച കാർഡിയോ വാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി വിഭാഗം മേധാവി ഡോ. രാജേഷിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. എല്ലാ ചികിത്സാ രേഖകളും സമിതി പരിശോധിച്ചിട്ടുണ്ട്. ബാഹ്യവസ്തു കണ്ടെത്തിയതായുള്ള എക്കോ സ്‌കാനിങ് റിപ്പോർട്ടുൾപ്പെടെ ഹാജരാക്കിയതായി അശോകൻ പറഞ്ഞു. ബന്ധപ്പെട്ട റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് സമർപ്പിക്കുമെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിരിക്കുന്നത്.

നെഞ്ചു വേദനയെ തുടർന്ന് 2018 ഓഗസ്റ്റിലാണ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയത്. ആശുപത്രി വിട്ടിട്ടും മുറവുണങ്ങാതെ വരികയും മുറിവിൽ നിന്ന് രക്തവും നീരും വരാൻ തുടങ്ങുകയും ചെയ്തിരുന്നു. നാല് തവണയായി മെഡിക്കൽ കോളേജിലെത്തി ഡോക്ടർമാരെ കണ്ടെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിക്കാരൻ പറയുന്നു.

പല ഡോക്ടർമാരെയും സമീപിച്ചെങ്കിലും മുറിവുണങ്ങിയില്ല. ഒടുവിലാണ് ഉള്ളിയേരിയിലെ മെഡിക്കൽ കോളേജിലെ ഡോക്ടർ സ്‌കാൻ ചെയ്യാൻ നിർദേശിക്കുന്നതും സ്കാനിങ്ങ് നടത്തി വസ്തു പുറത്തെടുക്കുന്നതെന്ന് അശോകൻ പറയുന്നു. അഞ്ചുവർമായി ജോലിക്ക് പോവാനായില്ല. രണ്ടു ശസ്ത്രക്രിയക്കുമായി മൂന്നരലക്ഷത്തോളം രൂപ ചെലവായി. വീഴ്ചവരുത്തിയവർക്കെതിരെ നടപടിയും നഷ്ടപരിഹാരവും വേണമെന്നും അശോകൻ പരാതിയിൽ ആവശ്യപ്പെടുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K