02 April, 2024 01:01:29 PM


ബിജെപി എം പി അജയ് നിഷാദ് പാര്‍ലമെന്‍റംഗത്വം രാജിവച്ചു



ലഖ്‌നൗ: ബിജെപി എം പി അജയ് നിഷാദ് പാര്‍ലമെന്റംഗത്വം രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് ബിഹാറിലെ മുസഫര്‍പൂര്‍ എംപിയായ അദ്ദേഹം പാര്‍ലമെന്റംഗത്വം രാജിവച്ചത്. 2019ല്‍ മണ്ഡലത്തിൽ നാല് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥിയായി അജയ് നിഷാദ് എംപിയായി ജയിച്ചത്. അന്ന് അജയ് നിഷാദ് തോല്‍പ്പിച്ച രാജ് ഭൂഷണ്‍ ചൗധരിയാണ് ഇത്തവണ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഇതോടെ അജയ് നിഷാദ് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം.

സീറ്റ് നിഷേധിച്ച വഞ്ചനയിൽ ഞെട്ടിയാണ് തന്റെ രാജിയെന്നാണ് അജയ് നിഷാദ് വ്യക്തമാക്കിയത്. സമൂഹ മാധ്യമമായ എക്സിൽ അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെ ടാഗ് ചെയ്തുകൊണ്ട് തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതിനൊപ്പം താൻ പരാജയപ്പെടുത്തിയ രാജ് ഭൂഷൺ ചൗധരിയെ സ്ഥാനാര്‍ത്ഥിയാക്കിയതും അജയ് നിഷാദിനെ ചൊടിപ്പിച്ചുവെന്നാണ് വിവരം.

കഴിഞ്ഞ രണ്ട് തവണയും മുസഫര്‍പുര്‍ എംപിയായി വിജയിച്ചത് അജയ് നിഷാദാണ്. ഇക്കുറി സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ കോൺഗ്രസിൽ ചേര്‍ന്ന് മണ്ഡലത്തിൽ വീണ്ടും മത്സരിക്കാനാണ് അജയ് നിഷാദിന്റെ തീരുമാനമെന്നാണ് വിവരം. ആര്‍ജെഡിയുടെ നേതൃത്വത്തിൽ കോൺഗ്രസും ഇടതുപാര്‍ട്ടികളും അടക്കം ഇന്ത്യ സഖ്യം മത്സരിക്കുന്ന ബിഹാറിൽ കോൺഗ്രസ് അജയ് നിഷാദിന് സീറ്റ് നൽകിയേക്കുമെന്നാണ് വിവരം.

മുസഫര്‍പുറിൽ 2014 ൽ മത്സരിച്ച അജയ് നിഷാദ്, സംസ്ഥാനത്തെ ഇപ്പോഴത്തെ കോൺഗ്രസ് അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിങിനെയാണ് പരാജയപ്പെടുത്തിയത്. അന്ന് രണ്ട് ലക്ഷം വോട്ട് ഭൂരിപക്ഷത്തിലായിരുന്നു വിജയം. പിന്നീട് 2019 ൽ വീണ്ടും മത്സരിച്ച അദ്ദേഹം തന്റെ ജനപിന്തുണ കുത്തനെ ഉയര്‍ത്തി. ഇതോടെയാണ് നാല് ലക്ഷത്തിലേറെ വോട്ട് ഭൂരിപക്ഷത്തിൽ വിജയം നേടിയത്. എന്നാൽ പാര്‍ട്ടി ഇക്കുറി സീറ്റ് നിഷേധിക്കുമെന്നോ താൻ കൂറ്റൻ ലീഡിൽ പരാജയപ്പെടുത്തിയയാളെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കുമെന്നോ അജയ് നിഷാദ് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് രാജി പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K