04 April, 2024 04:50:53 PM


പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്



കൊച്ചി: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടും മൂന്നും ഘട്ട കുറ്റപത്രങ്ങൾ സമർപ്പിച്ച് ക്രൈംബ്രാഞ്ച്. പരാതിക്കാരിൽ നിന്നും മോൻസൺ മാവുങ്കൽ തട്ടിയെടുത്ത മുഴുവൻ പണവും കണ്ടെത്താൻ സാധിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്തിമ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മുൻ ഡിഐജി സുരേന്ദ്രൻ ഐജി ലക്ഷ്മണ, എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശിൽപ്പി സന്തോഷ് എന്നിവരും കേസിൽ പ്രതികളാണ്. എന്നാൽ ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരിക്കുന്നത്.

തട്ടിപ്പിന്‍റെ ആസൂത്രണത്തിലും പരാതിക്കാരെ വഞ്ചിച്ചതിലുമെല്ലാം ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപപയോഗം ചെയ്തെന്നാണ് കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നത്. പരാതിക്കാരിൽ നിന്ന് 10 കോടി രൂപയാണ് മോൻസൻ മാവുങ്കൽ തട്ടിയെന്നാണ് കേസ്. ഇതിൽ അഞ്ച് കോടി 45 ലക്ഷം രൂപ മോൻസൻ ചെലവാക്കിയതിന് തെളിവ് കിട്ടിയെന്നും ബാക്കി തുക കണ്ടെത്താൻ അന്വേഷണം തുടരാമെന്നുമാണ് അന്വേഷണം സംഘം വ്യക്തമാക്കുന്നത്.

നേരത്തെ ആദ്യഘട്ട കുറ്റപത്രത്തിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേർത്തിരുന്നു. പുരാവസ്തു തട്ടിപ്പിൽ അന്വേഷണം അവസാനിച്ചെങ്കിലും മോൻസന് എതിരായ ബലാത്സംഗം കേസിൽ അന്വേഷണം തുടരുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K