05 April, 2024 10:29:18 AM


അരുണാചലില്‍ മലയാളികള്‍ മരിച്ച സംഭവം; ഇ-മെയിലുകള്‍ രഹസ്യ ഭാഷയില്‍



തിരുവനന്തപുരം: ഹോട്ടല്‍ മുറിയില്‍ മരിച്ച നവീന്‍ തോമസും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും തമ്മില്‍ ഇമെയില്‍ വഴി നടത്തിയ ആശയവിനിമയവും രഹസ്യഭാഷയിലൂടെയെന്ന് പൊലീസ്. മരണത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. ഡോണ്‍ ബോസ്‌കോ എന്ന് പേരുള്ള വ്യാജ ഐഡിയില്‍നിന്നാണ് സന്ദേശങ്ങള്‍ എത്തിയത്.

മരണത്തിന് അരുണാചല്‍ പ്രദേശിലെ സിറോ വാലി എന്ന സ്ഥലം തിരഞ്ഞെടുത്തതും വിചിത്രവിശ്വാസവും തമ്മില്‍ ബന്ധമുണ്ടോയെന്നു സംശയമുണ്ടെന്നും കേസന്വേഷണത്തിന്റെ ചുമതലയുള്ള ഡിസിപി പി.നിധിന്‍ രാജ് പറഞ്ഞു. മറ്റൊരു ഗ്രഹത്തിലെത്തിയാല്‍ ഭൂമിയിലേതിനേക്കാള്‍ മികച്ച ജീവിതം സാധ്യമാകുമെന്നും മനുഷ്യരേക്കാള്‍ പതിന്മടങ്ങ് ബുദ്ധിശക്തിയുള്ളവരാകാം അവിടെയുള്ളതെന്നും ഇവര്‍ വിശ്വസിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. അന്ധവിശ്വാസം പരത്തുന്ന സംഘങ്ങള്‍ അരുണാചലിലുള്ളതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നു. അന്യഗ്രഹ ജീവിതത്തെപ്പറ്റി മൂന്നുവര്‍ഷം മുമ്പേ ഇവര്‍ ചര്‍ച്ച തുടങ്ങിയതായാണ് വിവരം.

മരണശേഷം മറ്റൊരു ഗ്രഹത്തില്‍ സുഖജീവിതം സാധ്യമാകുമെന്ന് നവീന്‍ ദേവിയെയും ആര്യയെയും പറഞ്ഞ് വിശ്വസിപ്പിച്ചെന്ന് പോലീസ് പറയുന്നു. അതിനായി മരണം എങ്ങനെയാവണമെന്ന് ആസൂത്രണം ചെയ്തതും നവീനാണെന്നാണ് പോലീസിന്റെ നിഗമനം. 17-നാണ് നവീനും ദേവിയും കോട്ടയത്തെ വീട്ടില്‍നിന്ന് വിനോദയാത്രയ്ക്ക് പോകുകയാണ് എന്നുപറഞ്ഞ് ഇറങ്ങിയത്. 21-നും 26-നും ഇവര്‍ തിരുവനന്തപുരത്ത് എത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെയെത്തി ഇന്റര്‍നെറ്റില്‍ ഇവര്‍ അന്യഗ്രഹജീവിതത്തെപ്പറ്റി തിരഞ്ഞതായാണ് വിവരം. അന്ന് അരുണാചലില്‍ പോകാന്‍ വിമാനടിക്കറ്റ് എടുക്കുകയും ചെയ്തു. 27-ന് ഇവര്‍ അരുണാചലിലേക്ക് പോയി

ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ച ദേവിയുടെയും ആര്യയുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. നവീനിന്റെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി. സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടിലെത്തിക്കും. സംസ്‌കാരം മൂന്നിന് മീനടം സെയ്ന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K