10 April, 2024 01:03:14 PM
നാദാപുരത്ത് പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തി നശിച്ചു; ഒഴിവായത് വൻ ദുരന്തം
കോഴിക്കോട്: കോഴിക്കോട് നാദാപുരം മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തി നശിച്ചു. ചെറിയ പെരുന്നാളിൻ്റെ ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുമ്പോൾ തീപ്പൊരി തെറിച്ച് ജീപ്പിലേക്ക് വീഴുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് സംഭവം ഉണ്ടായത്. ജീപ്പിൽ സൂക്ഷിച്ച പടക്ക ശേഖരത്തിന് തീ പിടിച്ചതാണ് ജീപ്പ് പൊട്ടിത്തെറിക്കാനുണ്ടായ കാരണം.
എന്നാൽ യുഡിഎഫ് കേന്ദ്രത്തിലെ സ്ഫോടനത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് രംഗത്തെത്തിയിട്ടുണ്ട്. ജീപ്പിൽ സ്ഫോടനം നടന്ന ആവടിമുക്ക് യുഡിഎഫിന് ഏറെ സ്വാധീനമുള്ള സ്ഥലമാണെന്നും എൽഡിഎഫ് ആരോപിച്ചു. എന്നാൽ സ്ഫോടനം നടക്കുന്നതിന് മുൻപ് നാദാപുരം പെരിങത്തൂർ എയർപോർട്ട് റോഡിലെ ആവടിമുക്കിൽ റോഡിൽ വാഹനങ്ങൾ തടസ്സപ്പെടുത്തി പ്രകോപനം നടത്തിയതായും എൽഡിഎഫിൻ്റെ പരാതിയുണ്ട്. ഇതിന് നിമിഷങ്ങൾക്കകം തന്നെ ആളൊഴിഞ്ഞ സ്ഥലത്ത് ജീപ്പിൽ വൻ സ്ഫോടനം നടന്നതായും ആരോപിക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സ്ഫോടന പരമ്പരകൾ പെരുകുന്നത് നാദാപുരം മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും എൽഡിഎഫ് അറിയിച്ചു.