10 April, 2024 03:30:36 PM
ബാബാ രാംദേവിന് തിരിച്ചടി, മാപ്പപേക്ഷ തള്ളി സുപ്രീം കോടതി
ന്യൂഡല്‍ഹി: പതഞ്ജലിയുടെ കോടതിയലക്ഷ്യക്കേസില്‍ ബാബാ രാംദേവിന്‍റെ മാപ്പപേക്ഷ തള്ളി സുപ്രീംകോടതി. പതഞജ്ലി മനപൂര്‍വം കോടതിയലക്ഷ്യം നടത്തിയെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഒരു കാരുണ്യവും പ്രതീക്ഷിക്കേണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. ഒരേ പോലെ പല മാപ്പേക്ഷ നല്‍കിയാല്‍ കോടതിയെ ബോധ്യപ്പെടുത്താമെന്ന് കരുതുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. പത്ഞ്ജലിയുടെ കാര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മനപൂര്‍വമായ വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കടുത്ത നടപടികളിലേക്ക് പോകരുതെന്ന് അഭ്യര്‍ഥിച്ച ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പതഞ്ജലിക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കി. കേസ് വീണ്ടും 16ന് പരിഗണിക്കും. അന്ന് രാംദേവ് ഉൾപ്പെടെയുള്ളവർ വീണ്ടും നേരിട്ട് ഹാജരാകണം.
കേസ് പരിഗണിച്ചപ്പോള്‍ പതഞ്ജലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്‍കിയിരുന്നു. അലോപ്പതി മരുന്നുകൾക്കെതിരായ പരസ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നായിരുന്നു ആയുഷ് മന്ത്രാലയം സുപ്രീംകോടതിയിൽ നല്‍കിയ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയത്. അലോപ്പതിക്കെതിരായ പരസ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും അത് പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്നുമാണ് സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചത്. കൊവിഡ് പ്രതിരോധം എന്ന പേരിൽ പതഞ്ജലി പുറത്തിറക്കിയ'കൊറോണിലിന്' പരസ്യം നൽകരുതെന്ന് നിർദ്ദേശിച്ചുവെന്നും ഇതിന്റെ ക്ലിനിക്കൽ ട്രയൽ പൂർത്തിയായിരുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്. കോടതി വിമർശനത്തിന് പിന്നാലെയാണ്കേന്ദ്രം സത്യവാങ്മൂലം നൽകിയത്.